തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം മുന്നോട്ട് പോകവേ ചോദ്യോത്തര വേള റദ്ദാക്കി. സഭ അല്‍പസമയത്തേക്ക് നിര്‍ത്തിവെക്കുകയും ചെയ്തു. 11 മണിക്ക് കാര്യോപദേശ സമിതി യോഗം ആരംഭിക്കും. പ്ലക്കാര്‍ഡും ബാനറുമുയര്‍ത്തിയാണ് പ്രതിപക്ഷം സഭ ആരംഭിച്ചപ്പോഴെ പ്രതിഷേധം തുടങ്ങിയത്. സഭാ നടപടികളുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
ചോദ്യോത്തര വേള തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. നിയമസഭയിലെ തര്‍ക്കത്തില്‍ സമയവായമില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കാതെ വിട്ടുവീഴ്ചയില്ലെന്നും വി ഡി സതീശന്‍ സഭയില്‍ ഉന്നയിച്ചു. സഭയില്‍ ഒരു ചര്‍ച്ചയും നടന്നില്ലെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്ഥയാണെന്നും വിമര്‍ശിച്ചു.
പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭാനടപടികള്‍ അല്‍പനേരത്തേക്ക് നിര്‍ത്തിവച്ചു. 11 മണിക്ക് കാര്യോപദേശക സമിതി ചേരും. സഭ നടപടികളുമായി സഹകരിക്കണമെന്ന് സ്പീക്കർ ഇന്ന് പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും തുടക്കത്തിലെ പ്രക്ഷുബ്ധമായിരുന്നു സഭ. പാർലിമെന്ററി കാര്യ മന്ത്രി കെ രാധാകൃഷ്ണനും സതീശനുമായി ഫോണിൽ സംസാരിച്ചു. എന്നാല്‍, ഉന്നയിച്ച കാര്യങ്ങളിൽ തീരുമാനമാകാതെ വിട്ടുവീഴ്ചയില്ലെന്നാണ് പ്രതിപക്ഷം അറിയിച്ചത്.