Verification: ce991c98f858ff30

നികുതി-സെസ് വർധനക്കെതിരെ പ്രതിപക്ഷ എംഎൽഎമാരുടെ കാൽനട പ്രതിഷേധം

തിരുവനന്തപുരം: ഇന്ധന സെസ് അടക്കം ബജറ്റിൽ എൽഡിഎഫ് സ‍ർക്കാർ പ്രഖ്യാപിച്ച നികുതി-സെസ് വ‍ർധനക്കെതിരെ പ്രതിപക്ഷ എംഎൽഎമാ‍ർ നടന്ന് പ്രതിഷേധിക്കുന്നു. എംഎൽഎ ഹോസ്റ്റലിൽ നിന്നും നിയമസഭയിലേക്കാണ് യുഡിഎഫ് എംഎൽഎമാ‍ർ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ നേതൃത്വത്തിൽ നടന്ന് പ്രതിഷേധിച്ചത്.

‘നികുതിക്കൊള്ള, പിടിച്ചുപറി, പോക്കറ്റടി’ എന്നെഴുതിയ കറുത്ത ബാനറും പിടിച്ചായിരുന്നു നടത്തം. സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കും. ഈ മാസം 13, 14 തിയതികളിൽ രാപ്പകൽ സമരം നടത്തും. സംസ്ഥാന സർക്കാരിന്റേത് ജനങ്ങളെ കൊള്ളയടിക്കുന്ന നികുതി നിർദേശങ്ങളാണ്. ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും വി.ഡി സതീശൻ പറഞ്ഞു.

അതേസമയം, സഭക്ക് അകത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം. സഭാ കവാടത്തിൽ നാല് പ്രതിപക്ഷ എംഎൽഎമാർ നടത്തുന്ന സത്യഗ്രഹ പ്രതിഷേധവും തുടരുകയാണ്. 13-ാം തീയതി സെക്രട്ടറിയേറ്റിന് മുന്നിലും കളക്ടറേറ്റുകൾക്ക് മുന്നിൽ യുഡിഎഫ് രാപ്പകൽ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നണി യോഗം ചേർന്ന് തുടർ സമര പരിപാടികൾക്കും രൂപം നൽകും.

Leave A Reply

Your email address will not be published.