Verification: ce991c98f858ff30

‘ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നു’; ആരോപണവുമായി സഹോദരൻ അലക്സ് വി ചാണ്ടി

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ പലരെ കൊണ്ടും സമ്മർദ്ദം ചെലുത്തിയെന്ന് സഹോദരൻ അലക്സ് വി ചാണ്ടി.

മതിയായ ചികിത്സ ഉമ്മൻ ചാണ്ടിക്ക് കിട്ടുന്നില്ല. ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് മുൻ മുഖ്യമന്ത്രിക്ക് ചികിത്സ നിഷേധിക്കുന്നത്. ഇളയ മകൾ അച്ചു ഉമ്മൻ പിതാവിന് മികച്ച ചികിത്സ കിട്ടണമെന്നാണ് ആവശ്യം.

പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ ഉമ്മൻചാണ്ടിയുടെ കുടുംബം പലരെയും കൊണ്ട് സമ്മർദ്ദം ചെലുത്തിയെന്നും അലക്സ് വി ചാണ്ടി പറഞ്ഞു.

പ്രാര്‍ത്ഥനയിലൂടെ രോഗം ഭേദമാകുമെന്ന നിലപാടിലാണ് ഇവര്‍. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമാണ്.

അതിനാലാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ചികിത്സ നല്‍കുന്നുണ്ടെന്ന കുടുംബത്തിൻ്റെ വിശദീകരണം തെറ്റാണ്.

ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് അലക്‌സ് ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്.

സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന സമുന്നതനായ രാഷ്ട്രീയ നേതാവിന് ആവശ്യമായ ചികിത്സ ലഭിക്കാത്തത് സംസ്ഥാനത്തിന് തന്നെ അപമാനമാണെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. ചികിത്സയ്ക്കായി സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും അലക്‌സ് ചാണ്ടി ആവശ്യപ്പെട്ടു.

ആരോപണം നിഷേധിച്ച് ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയിരുന്നു.

ഉമ്മന്‍ ചാണ്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചായിരുന്നു ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയത്.

തനിക്ക് മികച്ച ചികിത്സയാണ് ലഭിക്കുന്നതെന്നും പാര്‍ട്ടിയും കുടുംബവും എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞിരുന്നു.

Leave A Reply

Your email address will not be published.