Malayalam Latest News

ബലാൽസംഗ കേസിനെതിരെ ഡിജിപിക്ക് പ്രാഥമിക പരാതി നല്‍കി നിവിൻ പോളി

ബലാത്സംഗക്കേസിൽ പൊലീസ് പ്രതി ചേർത്തതിനെതിരെ നടൻ നിവിൻ പോളി പരാതി നല്‍കി. ഇന്ന് രാവിലെയാണ് ഡിജിപിക്ക് നിവിൻ പോളി പരാതി നല്‍കിയത്. നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നാണ് നിവിൻ അറിയിച്ചിരിക്കുന്നത്. തന്‍റെ പരാതി കൂടി പരിശോധിക്കണമെന്നും നിവിൻ പോളി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ എഫ്ഐആറിന്‍റെ പകര്‍പ്പ് കിട്ടിയ ശേഷം വിശദമായ പരാതി എഴുതി നല്‍കുമെന്നും നിവിൻ വ്യക്തമാക്കി. തനിക്കെതിരായിട്ടുള്ളത് കള്ളക്കേസാണെന്ന് വ്യക്തമാക്കിയാണ് നിവിൻ പോളി പ്രാഥമിക പരാതി നല്‍കിയത്. ഗൂഡാലോചന ഉണ്ടെന്നും പരാതിക്കാരിയെ കണ്ടിട്ടുപോലുമില്ലെന്നാണ് നിവിന്‍റെ നിലപാട്.

തന്‍റെ പരാതി കൂടി സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പരിശോധിച്ച് നിലപാടിലെത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് നിവിൻ മുന്നോട്ട് വയ്ക്കുന്നത്. മുൻകൂർ ജാമ്യം അടക്കം തേടി കോടതിയെ സമീപിക്കുന്നത് പൊലീസ് നടപടിയുടെ പുരോഗതി നോക്കിയ ശേഷം മതിയെന്നാണ് നിവിന്റെ തീരുമാനം. എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബലാത്സംഘം ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഊന്നുകൽ പൊലീസ് നിവിൻ പോളിക്കും മറ്റ് അഞ്ചു പേർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Leave A Reply

Your email address will not be published.