യെമൻ: പ്രതീക്ഷകള്‍ പങ്കുവച്ച് യെമനിലെ ജയിലില്‍ നിന്ന് നിമിഷപ്രിയയുടെ ശബ്ദസന്ദേശം. കോടതി നടപടികളും ഒത്തുതീര്‍പ്പ് ശ്രമങ്ങളും പുരോഗമിക്കുന്നതായും ഇതിന് എല്ലാവരുടെയും പിന്തുണ വേണമെന്നും സന്ദേശത്തിൽ പറയുന്നു. യെമന്‍കാരനായ യുവാവിനെ കൊന്ന് മൃതദേഹം ജലസംഭരണിയില്‍ ഒളിപ്പിച്ച കേസിലാണ് നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. ദയാധനം നല്‍കി നിമിഷയെ മോചിപ്പിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.
നിലവില്‍ യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷപ്രിയ. കീഴ്‌ക്കോടതിയാണ് നിമിഷയ്ക്ക് വധശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയില്‍ ഇളവ് ലഭിക്കും എന്നതാണ് യെമനിലെ നിയമം. അതേസമയം കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബം ചര്‍ച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമന്‍ റിയാല്‍(ഏകദേശം 1.5 കോടി രൂപ) നഷ്ടപരിഹാരമായി നല്‍കേണ്ടി വരുമെന്നും ജയില്‍ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. 2017 ജൂലൈ 25നാണ് യെമന്‍ പൗരനായ തലാല്‍ കൊല്ലപ്പെട്ടത്.
തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തുകയും മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നുമാണ് കേസ്. യെമനില്‍ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍, പാസ്പോര്‍ട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം. തലാലിന് അമിത ഡോസ് മരുന്ന് കുത്തിവച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു. യെമന്‍ സ്വദേശിനിയായ സഹപ്രവര്‍ത്തകയുടെയും മറ്റൊരു യുവാവിൻ്റെയും നിര്‍ദേശ പ്രകാരം ആയിരുന്നു മരുന്ന് കുത്തിവെച്ചത്.