ന്യൂഡൽഹി: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തു. ഇത് സംബന്ധിച്ച് നേരത്തേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കിയ പ്രതി ഷാറൂഖ് സെയ്ഫിയെ റിമാന്റ് ചെയ്തു. ഇയാളുടെ കസ്റ്റഡി പോലീസ് ആവശ്യപ്പെട്ടിരുന്നില്ല. കേസന്വേഷണം എൻഐഎ ഏറ്റെടുത്ത സാഹചര്യത്തിൽ ഇനി ഇതുവരെയുള്ള കണ്ടെത്തലുകളെല്ലാം എൻഐഎ സംഘത്തിന് കേരളാ പോലീസ് കൈമാറും. കേസിൻ്റെ തീവ്രവാദ സ്വഭാവവും ഗൂഢാലോചനയുമാകും എൻഐഎ പരിശോധിക്കുക.
എലത്തൂർ തീവയ്പ്പ് കേസ് തീവ്രവാദ സ്വഭാവമുള്ള ആക്രമണമാണ് എന്ന വിവരങ്ങൾ പുറത്തുവന്നതോടെയാണ് അന്വേഷണം എൻഐഎയ്ക്ക് വിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നത്. നേരത്തെ, കേരള പോലീസ് ഈ വിഷയത്തിൽ പതിനഞ്ച് ദിവസത്തോളം അന്വേഷണം നടത്തിയിരുന്നു. തുടർന്ന്, ഇന്നലെ മാധ്യമങ്ങളെ കണ്ട എഡിജിപി എം ആർ അജിത് കുമാർ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചിരുന്നു. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ ഷാരുഖ് സെയ്ഫിക്കെതിരെ യുഎപിഎ 16-ാം വകുപ്പ് ചുമത്തിയെന്ന് അദ്ദേഹം അറിയിച്ചിരുന്നു. പ്രതി റാഡിക്കലൈസ്ഡ് ആണ്. സക്കീർ നായിക് അടക്കമുള്ളവരുടെ വീഡിയോകളടക്കം സ്ഥിരം കണ്ടിരുന്നു. കൃത്യമായ ആസൂത്രണം കേസിൽ നടന്നിട്ടുണ്ട് എന്നും ഇന്നലെ അദ്ദേഹം അറിയിച്ചു.