Verification: ce991c98f858ff30

കാല്‍നടയാത്രക്കാര്‍ക്കും വേണം സുരക്ഷ; വിദേശ മാതൃകയില്‍ റോഡ് സേഫാക്കാന്‍ MVD

KERALA NEWS TODAY – കാല്‍നടയാത്രക്കാര്‍ക്കു പരിഗണന നല്‍കുന്ന വിദേശമാതൃക കേരളത്തിലും നടപ്പാക്കാനൊരുങ്ങി മോട്ടോര്‍വാഹന വകുപ്പ്.അതിനായി വാഹനമുടമകളെ ബോധവത്കരിക്കും. പോലീസിന്റെ സഹകരണത്തോടെയാകുമിത്. റോഡിലെ വിവിധ വരകള്‍ എന്തൊക്കെയാണെന്ന് അറിയാവുന്നവര്‍ കുറവാണെന്നാണു വകുപ്പിന്റെ കണ്ടെത്തല്‍. അതേക്കുറിച്ചും ബോധവത്കരിക്കും.നിലവില്‍ ജങ്ഷനുകളില്‍ മാത്രമേ വാഹനങ്ങള്‍ പതുക്കെ പോകുന്നുള്ളൂ. കാല്‍നടയാത്രക്കാര്‍ക്കു റോഡു മുറിച്ചുകടക്കാന്‍ അനുവാദം നല്‍കുന്ന സീബ്രാ ലൈനുകളിലും വേഗംകുറയ്‌ക്കേണ്ട മറ്റുവരകളിലും മിക്ക വാഹനങ്ങളും വേഗം കുറയ്ക്കുന്നില്ല.റോഡു മുറിച്ചുകടക്കാന്‍ അനുവാദം നല്‍കുന്ന വരകളില്‍ കാല്‍നടക്കാര്‍ക്കാകണം പ്രഥമ പരിഗണന.അതാണ് വിദേശമാതൃകയെന്നും അധികൃതര്‍ പറയുന്നു.ഇനി അവിടങ്ങളില്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണമുണ്ടാകും. വേഗത്തില്‍ പോകുന്ന വാഹനങ്ങളുടെ ഉടമകളെ കണ്ടെത്തി ഉപദേശിക്കും. മാര്‍ച്ച് മൂന്നുമുതല്‍ 10 വരെ മോട്ടോര്‍വാഹന വകുപ്പ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്.അതിനു പ്രത്യേക സ്‌ക്വാഡുകളുണ്ടാകും.നിരന്തര ബോധവത്കരണത്തിലൂടെ നല്ലമാതൃക സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വകുപ്പ്. ദേശീയപാതകളിലെ ലെയ്ന്‍ ട്രാഫിക് ലംഘനം, ഹെല്‍മെറ്റില്ലാതെയും മദ്യപിച്ചുമുള്ള വാഹനമോടിക്കല്‍, നിയമവിരുദ്ധ നമ്പര്‍ പ്ലേറ്റുകള്‍ എന്നിവയ്‌ക്കെതിരേയും കര്‍ശന നടപടിയുണ്ടാകും.
Leave A Reply

Your email address will not be published.