കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മുന്നണി വിട്ട് മുസ്ലിം ലീഗിൻ്റെ വിദ്യാർഥി സംഘടനയായ എംഎസ്എഫ്. കോൺഗ്രസ് വിദ്യാർഥി സംഘടനയായ കെ.എസ്.യു കാലുവാരിയെന്ന് ആക്ഷേപിച്ചാണ് എംഎസ്എഫ് മുന്നണി വിട്ടത്. ഇനി കാമ്പസുകളിൽ എംഎസ്‌എഫ് ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും നേതാക്കൾ അറിയിച്ചു. ഇതിൻ്റെ ഭാഗമായി യുഡിഎസ്‌എഫ് കൺവീനർ സ്ഥാനത്ത് നിന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് രാജിവെച്ചു.
രാജികത്ത് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൈമാറി. കെഎസ്‌യുവും എംഎസ്എഫും ചേര്‍ന്ന് യുഡിഎസ്എഫ് മുന്നണിയായിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കെഎസ്‌യുവിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് നവാസ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. സ്വന്തം വോട്ടുകള്‍ സംരക്ഷിക്കാന്‍ കെഎസ്‌യുവിന് കഴിഞ്ഞിട്ടില്ലെന്ന് എംഎസ്എഫ് കുറ്റപ്പെടുത്തി. തൃശ്ശൂരില്‍ മുന്നണിയില്‍ തന്നെ വോട്ട് ചോര്‍ച്ചയുണ്ടായെന്നും വിമര്‍ശനം ഉയര്‍ന്നു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ ഇത്തവണ ഒമ്പത് സീറ്റിലും എസ്എഫ്‌ഐയാണ് വിജയിച്ചത്. സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍പേഴ്‌സണായി ടി സ്‌നേഹയെ തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എസ്എഫ്‌ഐയുടെ മുഹമ്മദ് അഷ്‌റഫ് ടി എയും വൈസ് ചെയര്‍പേഴ്‌സണ്‍ സീറ്റുകളിലേക്ക് ശ്രുതി വി എം, അശ്വിന്‍ എസ് ആര്‍ എന്നിവര്‍ ജയിച്ചു.