Verification: ce991c98f858ff30

‘കോൺഗ്രസിൽ ആര്‍എസ്എസ് ഏജന്റുമാരുണ്ടോ എന്ന് പരിശോധിക്കണം’: മുഹമ്മദ് റിയാസ്

പാലക്കാട്: കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ആർഎസ്എസ് ഏജന്റുമാരുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇടത് സർക്കാരിനെതിരെ ചിലർ നടത്തുന്ന നീക്കങ്ങൾ ഇതിന് തെളിവാണ്. രാഷ്ട്രീയം പറയുമ്പോൾ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും റിയാസ് പറഞ്ഞു. മുഖ്യമന്ത്രിക്ക് സഭ നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകണമെന്നാണ് ആഗ്രഹം. ബോധപൂർവം സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി പാലക്കാട് പറഞ്ഞു.

താൻ മുഖ്യമന്ത്രിയുടെ മരുമകൻ എന്നത് ഒരു യാഥാർഥ്യം അല്ലേയെന്ന് എന്നും മന്ത്രി ചോദിച്ചു. മരുമകൻ എന്ന വിളിയിൽ യാതൊരു പ്രശ്നവുമില്ല. ‘ആരോപണങ്ങൾ ഉയരുമ്പോൾ പേടിച്ച് വീട്ടിലിരിക്കുന്നവർ അല്ല ഞങ്ങൾ’. അത്തരം വിമർശനങ്ങളെ കാര്യമാക്കുന്നില്ല. ഇങ്ങനെ വിമർശനം ഉന്നയിക്കുന്നവർക്ക് ചായയോ ബിരിയാണിയോ വാങ്ങി കൊടുക്കാനാണ് തോന്നാറെന്നും അദ്ദേഹം പറഞ്ഞു.

സഭ നടത്താതിരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്ര സർക്കാറിന് എതിരായ ഒന്നും പ്രതിപക്ഷ നേതാവ് പറയുന്നില്ല. കേരള സർക്കാറിനെ അട്ടിമറിക്കാനാണ് പ്രതിപക്ഷ ശ്രമം. സഭ നല്ല രീതിയിൽ നടക്കണമെന്ന് പ്രതിപക്ഷത്തിന് ഒരു താൽപ്പര്യവുമില്ല. കെ കെ രമയ്ക്ക് എതിരായ സൈബർ ആക്രമണത്തിൽ സംസ്ഥാന സെക്രട്ടറി മറുപടി പറഞ്ഞിട്ടുണ്ട്. ചർച്ച വേണോയെന്ന് പ്രതിപക്ഷമാണ് തീരുമാനിക്കേണ്ടത്. വാച്ച് ആൻഡ് വാർഡുകൾക്ക് ക്രൂരമായ മർദ്ദനമേറ്റ സാഹചര്യമുണ്ടെന്നും റിയാസ് കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.