ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരിക്കും മൃഗസ്‌നേഹികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ എത്തുന്നത്. കേസിൽ വനംവകുപ്പും വിവിധ പഞ്ചായത്തുകളും മറ്റ് ചില സ്വകാര്യ വ്യക്തികളും കക്ഷിചേരുകയും വനം വകുപ്പ് കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും പട്ടിക കോടതിക്ക് നൽകുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച ആനയെ വെടിവയ്ക്കാൻ സകല തയാറെടുപ്പുകളും നടത്തിയതിന് പിന്നാലെയാണ് നടപടികൾ തൽക്കാലത്തേക്ക് നിർത്തിവയ്ക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്. അരിക്കൊമ്പനെക്കൊണ്ട് പ്രദേശവാസികൾക്കുണ്ടായ ബുദ്ധിമുട്ടുകളും നഷ്ടങ്ങളും സർക്കാർ ഇന്ന് കോടതിയെ അറിയിക്കും. അതേസമയം വിധി എതിരായാൽ പ്രതിഷേധം കടുപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യത്തിനുള്ള വനം വകുപ്പ് പൂർണ സജ്ജമാണ്. അരിക്കൊമ്പനെ നിരീക്ഷിക്കുന്നതും തുടരുകയാണ്. നിലവിൽ ദൗത്യ മേഖലയായ സിമൻറ് പാലത്തിന് സമീപമാണ് രണ്ട് ദിവസമായി അരിക്കൊമ്പൻ ഒരു പിടിയാനക്കും രണ്ടു കുട്ടിയാനകൾക്കുമൊപ്പമുള്ളത്.