ഇടുക്കി: അക്രമകാരിയായ അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായി നാളെ നടത്താനിരുന്ന മോക്ഡ്രിൽ മാറ്റി. ഇതുമായി ബന്ധപ്പെട്ട് കോടതി പരിഗണനയിലുള്ള കേസ് പരിഗണിച്ചാണ് നടപടി. അരിക്കൊമ്പൻ ദൗത്യത്തിനായി വനം വകുപ്പ് ഏട്ട് സംഘങ്ങളെ രൂപീകരിച്ചു. കോടതി വിധി അനുകൂലമായാൽ 30 ന് രാവിലെ നാലിന് ദൗത്യം തുടങ്ങും.
കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ മോക്ക് ഡ്രില്‍ ഒഴിവാക്കാനാണ് നിലവിലെ തീരുമാനം. സിസിഎഫ് മാരായ നരേന്ദ്ര ബാബു, ആർ എസ് അരുൺ എന്നിവരുടെ നേതൃത്വത്തിലായിരിക്കും അരിക്കൊമ്പനെ മയക്കുവെടി വെക്കുന്ന ദൗത്യം നടപ്പിലാക്കുക. രൂപീകരിച്ച എട്ട് സംഘങ്ങൾക്കും വേണ്ട നിർദേശങ്ങൾ ഡോ. അരുൺ സക്കറിയ വിശദീകരിച്ചു. ദൗത്യത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പരിചയപ്പെടുത്തി. ഓരോ സംഘത്തിന്റേയും തലവന്മാരായി തിരഞ്ഞെടുത്തവർ നിൽക്കേണ്ട സ്ഥലവും നിശ്ചയിച്ചു.
അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടിയാൽ കൊണ്ടുപോകാനുള്ള ബലപ്പെടുത്തിയ വാഹനം തയ്യാറാക്കിയതായി വനംവകുപ്പ് അറിയിച്ചു. ബുധനാഴ്ച കോടതിവിധി അനുകൂലമായാൽ 30-ാം തീയതി രാവിലെ നാലുമണിക്ക് ദൗത്യം ആരംഭിക്കും. അരിക്കൊമ്പൻ നിലവിൽ ദൗത്യ മേഖലയായ സിമൻറ് പാലത്തിന് സമീപമാണ് ഉള്ളതെന്നാണ് വിവരം. പെരിയ കനാൽ എസ്റ്റേറ്റ് മേഖലയിലേക്ക് അരിക്കൊമ്പൻ തിരികെ പോകാതിരിക്കാനുള്ള നടപടി വനം വകുപ്പ് തുടങ്ങിയിട്ടുണ്ട്. കോടതിവിധി അനുകൂലമാക്കുന്നതിന് വേണ്ടിയുള്ള രേഖകൾ വനം വകുപ്പ് സമർപ്പിച്ചു.