Verification: ce991c98f858ff30

നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ റിപ്പോര്‍ട്ട് തേടി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വിറ്റുവെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കുഞ്ഞിന് മതിയായ സംരക്ഷണം ഒരുക്കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.

തൈക്കാട് ആശുപത്രിയിൽ ജനിച്ച നവജാത ശിശുവിനെ പ്രസവിച്ച ഉടനെ വിൽപ്പന നടത്തിയെന്നാണ് കണ്ടെത്തൽ. വിൽപ്പനയുടെ വിവരമറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകരാണ് പോലീസിനെ അറിയിച്ചത്. മൂന്ന് ലക്ഷം രൂപ കൊടുത്താണ് കുഞ്ഞിനെ വാങ്ങിയതെന്ന് സ്ത്രീ സമ്മതിച്ചു. 7ാം തിയതിയാണ് യുവതി തൈക്കാടുള്ള ആശുപത്രിയിൽ കുട്ടിക്ക് ജന്മം നൽകിയത്. പത്താം തീയതിയിലാണ് നവജാതശിശുവിൻ്റെ വിൽപ്പന നടന്നത്. കരമന സ്വദേശിയായ യുവതിക്കാണ് വിൽപ്പന നടത്തിയത്.

കുഞ്ഞിനെ വാങ്ങിയവരിൽ നിന്ന് പ്രസവിച്ച യുവതി മൂന്ന് ലക്ഷം രൂപ വാങ്ങുകയും ചെയ്തു. സ്പെഷ്യൽ ബ്രാഞ്ചിന് രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നവജാത ശിശുവിനെ വിറ്റവിവരം സ്ഥിരീകരിച്ചത്. ഉടൻ തന്നെ പോലീസ് കുഞ്ഞിനെ വാങ്ങിയ ആളിൽ നിന്നും കുട്ടിയെ ഏറ്റെടുത്തു. കുഞ്ഞിനെ ഏറ്റെടുത്ത സിഡബ്ല്യുസി തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. കുഞ്ഞിൻ്റെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കുഞ്ഞിനെ വാങ്ങിയവർക്കും വിറ്റവർക്കും എതിരെ ജെ ജെ ആക്ട് പ്രകാരം കേസെടുക്കും.

Leave A Reply

Your email address will not be published.