National News-ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തെ കുറിച്ചുള്ള പരാതി പ്രളയത്തിനൊടുവിൽ ഇന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിമാനത്താവളത്തിൽ പരിശോധന നടത്തി. അദ്ദേഹം വിമാനത്താവള അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
വിമാനത്താവളത്തിലെ നീണ്ട ക്യൂവും തിരക്കും സംബന്ധിച്ച് പരാതി വ്യാപകമായതിന് പിന്നാലെയാണ് മന്ത്രിയുടെ സന്ദർശനം.
വ്യോമയാന മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം വിമാനത്താവളത്തിലെത്തിയിരുന്നു.
ഡൽഹി വിമാനത്താവളത്തിലെ എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥരുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും മന്ത്രി സംസാരിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നു.
കഴിഞ്ഞ കുറച്ചു കാലമായി വിമാനത്താവളത്തിനെക്കുറിച്ച് നിരന്തരം പരാതികൾ യാത്രക്കാർ ഉന്നയിക്കുന്നുണ്ട്. ഞായറാഴ്ചയും നിരവധി യാത്രക്കാർക്ക് ഡൽഹി വിമാനത്താവളത്തിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നിരുന്നു.
ചെക്ക്-ഇൻ സമയത്ത് തിരക്കും നീണ്ട ക്യൂവും ഉണ്ടെന്ന പരാതികൾക്കിടയിൽ ഡൽഹി വിമാനത്താവളവും സിവിൽ ഏവിയേഷൻ മന്ത്രാലയവും വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാൻ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
ദിവസങ്ങൾക്ക് മുൻപ് തിരക്ക് കുറയ്ക്കാൻ വഴികൾ തേടി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് ആകെ മൂന്ന് ടെർമിനലുകളുണ്ട് .
ടി 1, ടി2, ടി3 എന്നീ ടെർമിനലുകളിൽ ടി3യെ സംബന്ഡിച്ചാണ് പ്രധാനമായും പരാതി ഉയരുന്നത്. എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും ചില ആഭ്യന്തര സർവീസുകളും T3-ൽ നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നത്. പ്രതിദിനം ശരാശരി 1.90 ലക്ഷം യാത്രക്കാരും 1,200 വിമാനങ്ങളും ഇവിടെ എത്തുന്നുവെന്നാണ് കണക്ക്.
National News Highlight – Congestion at Delhi Airport; Aviation Minister with lightning inspection.