KERALA NEWS TODAY – പത്തനംതിട്ട : 128-ാമത് മാരാമൺ കൺവെൻഷൻ മനോഹരമായി സംഘടിപ്പിക്കുന്നതിന് ആവശ്യമായ സർക്കാർതല ക്രമീകരണങ്ങൾ ഏറ്റവും മികച്ചരീതിയിൽ പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
മാരാമൺ കൺവെൻഷനുമായി ബന്ധപ്പെട്ട സർക്കാർതല മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കോഴഞ്ചേരി മാരാമൺ റിട്രീറ്റ് സെന്ററിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പമ്പാനദിയുടെ മാരാമൺ തീരം കെട്ടി സംരക്ഷിക്കുന്നതിന് ജലവിഭവമന്ത്രി 32 ലക്ഷം രൂപ അനുവദിച്ചു.
ഫെബ്രുവരി 12 മുതൽ 19 വരെ നടക്കുന്ന കൺവെൻഷൻ എല്ലാ സർക്കാർ വകുപ്പുകളുടെയും മികച്ച ഏകോപനത്തിൽ,
മികവുറ്റരീതിയിൽ പൂർത്തിയാക്കും.
കോവിഡ് കാലത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന കൺവെൻഷനായതുകൊണ്ടുതന്നെ അഭൂതപൂർവമായ തിരക്കനുഭവപ്പെടാൻ സാധ്യതയുണ്ട്. അത്തരം കാര്യങ്ങളിലെല്ലാം കൃത്യമായ ഏകോപനമുണ്ടാകും.
അടിസ്ഥാനസൗകര്യങ്ങളിൽ യാതൊരു കുറവുമുണ്ടാകില്ല.
കൺവെൻഷൻ നഗറിലെത്തുന്നവർക്ക് യാതൊരുതരത്തിലുള്ള കുറവോ ബുദ്ധിമുട്ടോ ഉണ്ടാകാത്തരീതിയിലുള്ള നടപടികൾ സ്വീകരിക്കും.
കൺവെൻഷൻ നഗറിൽ അണുനശീകരണവും ശുചീകരണപ്രവർത്തനവും ഫോഗിങ്ങും കുറ്റമറ്റരീതിയിൽ നടത്തും.
ആരോഗ്യവകുപ്പ് ഐ.ഇ.സി. സ്റ്റാൾ കൺവെൻഷൻ നഗറിൽ സ്ഥാപിക്കും.
കൺവെൻഷൻ ആരംഭിക്കുന്നതിനുമുൻപ് ഹോട്ടലുകളിൽ പരിശോധന നടത്തും.
കൺവെൻഷന് എത്തുന്നവരുടെ സൗകര്യാർഥം കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് നടത്തും.
കൺവെൻഷൻ നഗറിൽ താത്കാലിക ബസ്സ്റ്റേഷൻ പ്രവർത്തിപ്പിക്കും.
കൺവെൻഷൻ നഗറിലെ പാർക്കിങ്, ക്രമസമാധാനപാലനം, ഗതാഗതനിയന്ത്രണം എന്നിവ പോലീസ് നടത്തും.
ഇതിനായി 250 പോലീസുദ്യോഗസ്ഥരെ കൺവെൻഷൻ നഗറിലും പരിസരപ്രദേശങ്ങളിലുമായി വിന്യസിക്കും.
കൂടുതൽ പോലീസുദ്യോഗസ്ഥരെ ഇതിനായി വിനിയോഗിക്കും. പോലീസ് കൺട്രോൾ റൂം കൺവെൻഷൻ നഗറിൽ ആരംഭിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, തോട്ടപ്പുഴശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.ബിനോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനീഷ് കുന്നപ്പുഴ,
അജി അലക്സ്, കോഴഞ്ചേരി ഗ്രാമപ്പഞ്ചായത്തംഗം ബിജിലി പി.ഈശോ, മാർത്തോമാ സുവിശേഷ പ്രസംഗസംഘം ജനറൽ സെക്രട്ടറി റവ. ജിജി മാത്യുസ്,
ഖജാൻജി ജേക്കബ് സാമുവേൽ, കറസ്പോണ്ടന്റ് സെക്രട്ടറി ഡോ.അജിത് വർഗീസ് ജോർജ്, സഞ്ചാര സെക്രട്ടറി റവ. സജി പി.സൈമൺ, ജനപ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.