KERALA NEWS TODAY- കോഴിക്കോട്: ഝാര്‍ഖണ്ഡ് സ്വദേശിയായ മാവോവാദി നേതാവ് കോഴിക്കോട്ട് പിടിയിൽ. അതിഥിതൊഴിലാളി ക്യാമ്പിൽ, കഴിഞ്ഞ ഒന്നരമാസമായി കഴിയുകയായിരുന്ന അജയ് ഒരോൺ ആണ് പിടിയിലായത്.
ഝാർഖണ്ഡ് പോലീസിന്റെ അപേക്ഷ പ്രകാരം പന്തീരാങ്കാവ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പന്തീരങ്കാവ് പോലീസ് സ്റ്റേഷനിലുള്ള ഇയാളെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഝാർഖണ്ഡിലേക്ക് കൊണ്ടുപോകും.
കൽപ്പണി ചെയ്ത് പന്തീരാങ്കാവിൽ കഴിയുകയായിരുന്ന ഇയാൾ, കൈമ്പലത്തുള്ള മരമില്ലിന് സമീപമുള്ള വാടക മുറിയിൽ നിന്നാണ് പിടിയിലാകുന്നത്. ആയുധ നിയമപ്രകാരമുള്ള കേസിൽ നേരത്തെ 11 മാസം ഇയാൾ ജയിലിലായിരുന്നു. 2019-ന് ശേഷം നാലുതവണ ഇയാൾ കേരളത്തിൽ വന്നതായാണ് വിവരം. ഇയാൾ പി.എൽ.എഫ്.ഐ. (People’s Liberation Front of India) എന്ന തീവ്ര ഇടത് സംഘടനയിലെ അംഗമാണെന്നാണ് ലഭിക്കുന്ന വിവരം.