മണിപ്പൂർ കലാപത്തിൽ വീണ്ടും ഇടപെട്ട് സുപ്രീംകോടതി. നാശനഷ്ടങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി നിർദ്ദേശം നൽകി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങിയ ബെഞ്ചാണ് സംസ്ഥാന സർക്കാരിനോട് ഇതുവരെയുള്ള നാശനഷ്ടങ്ങളുടെ റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഇവ സീൽ ചെയ്ത കവറിൽ ഹാജരാക്കാനാണ് നിർദേശം. കത്തിക്കപ്പെട്ട കെട്ടിടങ്ങൾ, കൊള്ളയടിക്കപ്പെട്ടവ, അനധികൃതമായി കയ്യേറിയവ, ഇവയുടെയെല്ലാം യഥാർത്ഥ ഉടമകളുടെ പേരടക്കം ഹാജരാക്കാനാണ് കോടതി നിർദേശം. സുരക്ഷാസേന പിടിച്ചെടുത്ത ആയുധങ്ങളുടെ പൂർണവിവരങ്ങളും സുപ്രീംകോടതി ചോദിച്ചിട്ടുണ്ട്. കേസ് ഇനി ജനുവരിയിൽ പരിഗണിക്കും. നേരത്തെ മണിപ്പൂർ കലാപത്തിൽ സ്വമേധയാ കേസെടുത്ത്, മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയമിച്ചിരുന്നു.