പത്തനംതിട്ട: ശബരിമലയില്‍ മാളികപ്പുറം വെടിക്കെട്ട് അപകടത്തില്‍ ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു.
ചെങ്ങന്നൂര്‍ സ്വദേശി രജീഷ്(35) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഇതോടെ വെടിക്കെട്ട് അപകടത്തില്‍ മരണം രണ്ടായി. ചെറിയനാട് സ്വദേശി ജയകുമാർ നേരത്തെ മരിച്ചിരുന്നു.
ഈ മാസം രണ്ടാം തീയതിയാണ് കതിന പൊട്ടി അപകടമുണ്ടായത്. രജീഷിന് 40 ശതമാനത്തിലധികം പൊള്ളലുണ്ടായിരുന്നു.
ചികിത്സകൾ ഫലം കാണാതിരുന്നതിനെ തുടർന്നാണ് രജീഷ് മരണത്തിന് കീഴടങ്ങിയത്. സന്നിധാനത്ത് വെടിവഴിപാടിനുള്ള കതിര് നിറക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.
നിലവിൽ മരിച്ചിട്ടുള്ള രജീഷ് അടക്കം അന്ന് മൂന്ന് പേരെയായിരുന്നു ആശുപത്രിയിലെത്തിച്ചത്.
ഇവരിൽ ഒരാളായ ജയകുമാർ കഴിഞ്ഞ ആറാം തീയതി വൈകിട്ട് മരിച്ചു. കൂടുതൽ പൊള്ളലേറ്റത് ജയകുമാറിനായിരുന്നു. രജീഷിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നായിരുന്നു മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിരുന്നത്. പക്ഷേ പിന്നീട് അത് വഷളാവുകയായിരുന്നു.