കൊച്ചി: തൃപ്പൂണിത്തുറ പോലീസ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ പോലീസിനെതിരെ ആരോപണവുമായി നാട്ടുകാര്‍. തൃപ്പൂണിത്തുറ സ്വദേശി മനോഹരനാണ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ് മരിച്ചത്. മനോഹരനെ പോലീസ് മര്‍ദ്ദിച്ചിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. രാത്രി ഒമ്പതോടെ പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ മനോഹരനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൈ കാണിച്ചിട്ടും നിര്‍ത്താത്തതിനാണ് പോലീസ് പിടികൂടിയത്.
സ്റ്റേഷനിലെത്തി അധികം കഴിയും മുമ്പേ മനോഹരൻ കുഴഞ്ഞുവീണെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, പോലീസ് കൈകാണിച്ചെങ്കിലും അൽപം മുന്നോട്ടു നീങ്ങിയാണ് മനോഹരൻ വാഹനം നിർത്തിയത്. പോലീസ് ജീപ്പിന് സമീപം നിൽക്കുകയായിരുന്ന ഒരു പോലീസുകാരൻ ഓടിയെത്തി ഹെൽമറ്റ് മാറ്റിയ ഉടനെ മനോഹരൻ്റെ മുഖത്തടിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് പോലീസ് ജീപ്പിൽവച്ചും പോലീസുകാർ മനോഹരനെ മർദിച്ചതായാണ് ആരോപണം.