ലഖ്നോ: മതപരിവർത്തനം ആരോപിച്ച് ഉത്തർപ്രദേശിൽ മലയാളി ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഷാരോണ്‍ ഫെലോഷിപ് ചര്‍ച്ചിലെ പാസ്റ്റർ സന്തോഷ് ജോൺ ഏബ്രഹാമും(55) ഭാര്യ ജിജി(50)യുമാണ് ഗാസിയാബാദിൽ അറസ്റ്റിലായത്. ഗാസിയാബാദിലെ ഇന്ദിരാപുരത്താണ് സംഭവം.
ബജ്‌റംഗ്ദൾ പ്രവർത്തകരാണ് ഇവർക്കെതിരെ പരാതി നൽകിയത്. ദമ്പതികളുടെ വീട്ടിലെത്തിയാണ് അറസ്റ്റ്. അറസ്റ്റിനെതിരെ ശശി തരൂർ എംപി രംഗത്തുവന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് നാണക്കേടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ആരോപണങ്ങളുടെ പേരിലാണ് അറസ്റ്റ് എന്നും തരൂർ ട്വീറ്റ് ചെയ്തു. ദമ്പതികൾ ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകൻ പോലീസിൽ പരാതി നൽകുകായിരുന്നു.
തിങ്കളാഴ്ചയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ദമ്പതികൾ പ്രാർത്ഥന നടത്തുന്ന ഹാൾ വാടകയ്‌ക്കെടുക്കുകയും ആളുകളെ ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം. എന്നാൽ, സന്തോഷും ഭാര്യയും പ്രസംഗങ്ങൾ നടത്തുമെങ്കിലും ആരെയും മതപരിവർത്തനത്തനത്തിന് നിർബന്ധിക്കാറില്ലെന്ന് അയൽവാസികൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ക്രിസ്തുമതം സ്വീകരിച്ചാൽ ഞങ്ങൾക്ക് 2 ലക്ഷം രൂപ വീതവും ഒരു വീട് പണിയാൻ 25 ചതുരശ്ര മീറ്റർ പ്ലോട്ടും ദമ്പതികൾ വാഗ്ദാനം ചെയ്തെന്ന് പരാതി നൽകിയവർ ആരോപിച്ചു. കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും പരിപാലിക്കുമെന്ന് വാഗ്ദാനം ചെയ്തെന്നും പാവപ്പെട്ടവരെയും നിസ്സഹായരെയും ഇവർ ലക്ഷ്യം വെക്കുന്നതെന്നും ആരോപിച്ചു. 2021ലെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം പ്രകാരമാണ് ദമ്പതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.