Verification: ce991c98f858ff30

ശിവരാത്രിക്കൊരുങ്ങി ആലുവ മണപ്പുറം

KERALA NEWS TODAY – കൊച്ചി : ശിവരാത്രി ആഘോഷത്തിനൊരുങ്ങി ആലുവ മണപ്പുറം. കോവിഡ് നിയന്ത്രണത്തിനു ശേഷമുള്ള ആദ്യത്തെ ശിവരാത്രി ആഘോഷമായതിനാൽ ഇത്തവണ തിരക്കേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.ബലിതർപ്പണത്തിനായി ഇത്തവണ പെരിയാർ തീരത്ത് 116 ബലിത്തറകൾ ഒരുക്കിയിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് രണ്ട് ദിവസം ആലുവയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.ഇന്ന് വൈകീട്ട് തുടങ്ങുന്ന ബലിതർപ്പണ ചടങ്ങുകൾ നാളെ രാവിലെ വരെ നീളും. ഒരേസമയം 2000 പേർക്ക് ബലിയിടാനുള്ള സൗകര്യമാണ് മണപ്പുറത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ളത്.ആലുവ നഗരസഭ, പൊലീസ്, അഗ്നിരക്ഷസേന തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ശിവരാത്രി നാളിൽ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് തന്ത്രി മുല്ലേപ്പിള്ളി ശങ്കരൻ നമ്പൂതിരി നേതൃത്വം നൽകും. ക്ഷേത്രത്തിലെത്തുന്നവർക്ക് അന്നദാനവും ഒരുക്കുന്നുണ്ട്.മഹാശിവരാത്രി പ്രമാണിച്ച് ആലുവയിൽ രണ്ട് ദിവസം മദ്യ നിയന്ത്രണം ഏ‌ർപ്പെടുത്തി.ഇന്ന് രാവിലെ ആറ് മണി മുതൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് നിയന്ത്രണം. ബിയർ ആൻഡ് വൈൻ പാർലറുകൾ ഉൾപ്പടെയുള്ള മദ്യശാലകൾ തുറക്കരുതെന്ന് ജില്ലാകലക്ടർ അറിയിച്ചിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് നാല് മുതൽ നാളെ ഉച്ചയ്ക്ക് രണ്ടു വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. സുരക്ഷയ്ക്ക് 1200 പോലീസുകാരെ വിന്യസിക്കും.സുരക്ഷക്കായി ആയിരത്തിലധികം പൊലീസുകാരെയാണ് വിനിയോഗിക്കുക. കെഎസ്ആർടിസി 210 പ്രത്യേക സർവ്വീസുകൾ നടത്തും.സ്വകാര്യ ബസുകൾക്ക് സ്‌പെഷ്യൽ പെർമിറ്റ് നൽകും. ആലുവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. കൊച്ചി മെട്രോ അധിക സർവ്വീസ് നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.
Leave A Reply

Your email address will not be published.