NATIONAL NEWS- ചെന്നൈ: ചെന്നൈയിൽ അഭിഭാഷകനെ ദുരൂഹ വ്യക്തികൾ വെട്ടിക്കൊന്നു. ചെന്നൈ പെരുങ്കുടി സ്വദേശിയായ ജയഗണേഷിനെയാണ് വെട്ടിക്കൊന്നത്.
സൈദാപേട്ട കോടതിയിൽ അഭിഭാഷകനായി ജോലി ചെയ്യുന്ന ഇയാൾ ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം പെരുങ്കുടി, രാജാ നഗർ ഏരിയയിൽ താമസിച്ചിരുന്നു. ഇന്നലെ സഹപ്രവർത്തകരായ അഭിഭാഷക സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിച്ച ശേഷം രാത്രി ഒമ്പത് മണിയോടെ വീട്ടിലേക്ക് തിരിച്ചു.
അഭിഭാഷകൻ ജയഗണേഷിനെ വീടിനു സമീപം ഇരുചക്രവാഹനത്തിൽ കാത്തുനിന്ന അജ്ഞാതരായ രണ്ട് അക്രമികൾ കത്തി ഉൾപ്പെടെയുള്ള ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്നാണ് സൂചന.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിഭാഷകനെ അയൽവാസികൾ രക്ഷപ്പെടുത്തി റായപ്പേട്ടയിലെ ആശുപത്രിയിലെത്തിച്ചു.
ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ച ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
അതിനിടെ, അഭിഭാഷകൻ ജയഗണേഷിന്റെ മരണവാർത്തയറിഞ്ഞ് അദ്ദേഹത്തിന്റെ ബന്ധുക്കളും സഹ അഭിഭാഷകരും രായപ്പേട്ട ആശുപത്രി പരിസരത്ത് തടിച്ചുകൂടി. ഇതേതുടർന്നു സംഘർഷാവസ്ഥ നിലനിൽക്കുകയും സുരക്ഷയ്ക്കായി പോലീസിനെ വിന്യസിക്കുകയും ചെയ്തു.
അവിടെ കൂടിയിരുന്ന അഭിഭാഷക സംഘടനകൾ കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് ഉറപ്പുനൽകിയതിനെ തുടർന്ന് അഭിഭാഷക സംഘടന പിരിഞ്ഞുപോയി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.