ന്യൂഡൽഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്‍റെ അയോഗ്യത പിന്‍വലിച്ചു. ലോക്സഭാ സെക്രട്ടേറിയറ്റാണ് അടിയന്തര ഉത്തരവിറക്കിയത്. എംപി സ്ഥാനം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാനിരിക്കയാണ് തീരുമാനം. ഹൈക്കോടതി വിധി വന്ന് രണ്ടു മാസമായിട്ടും അയോഗ്യത പിന്‍വലിച്ചിരുന്നില്ല.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിൽ 2023 ജനുവരി 11ന് കവരത്തി സെഷൻസ് കോടതി മുഹമ്മദ് ഫൈസൽ എംപിയെ പത്ത് വർഷം തടവിന് ശിക്ഷിക്കുകയും ഒരു ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു. തുടർന്ന് ശിക്ഷ വിധിക്കപ്പെട്ട ജനുവരി 11 മുതൽ എംപിയെ അയോഗ്യനാക്കിക്കൊണ്ട് ലോക്സഭാ സെക്രട്ടറി ജനറൽ ഉത്തരവും ഇറക്കി.
തുടർന്ന് ലക്ഷദ്വീപും ഉപതെരഞ്ഞെടുപ്പിനൊരുങ്ങിയിരുന്നു. ഫെബ്രുവരി 27നാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരുന്നത്. എന്നാൽ ജനുവരി 25ന് 2023 ന് മുഹമ്മദ് ഫൈസലിനെ തേടി ആശ്വാസ വിധിയെത്തി. മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി തടഞ്ഞു. കവരത്തി സെഷൻസ് കോടതിയുടെ ഉത്തരവ് സസ്പെൻഡ് ചെയ്തുകൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിറക്കി.