Verification: ce991c98f858ff30

വനിതാദിനത്തില്‍ ‘പെണ്‍യാത്ര’കളൊരുക്കാന്‍ കെഎസ്ആര്‍ടിസി

KERALA NEWS TODAY – കണ്ണൂർ : സ്ത്രീകള്‍ക്ക് മാത്രമായി വിനോദസഞ്ചാരയാത്രകളൊരുക്കി വനിതാദിനം ആഘോഷിക്കാന്‍ കെ.എസ്.ആര്‍.ടി.സി.മാര്‍ച്ച് ആറുമുതല്‍ 12 വരെ വനിതായാത്രാവാരമായി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേക യാത്രകള്‍ നടത്തും.എല്ലാ ജില്ലകളിലുമായി 100 ട്രിപ്പുകള്‍ നടത്താനാണ് ആലോചന. ഒരുദിവസത്തെ യാത്രയും താമസമടക്കമുള്ള യാത്രയുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ള പാക്കേജ് തിരഞ്ഞെടുക്കാം. എല്ലാ ജില്ലകളിലും ബജറ്റ് ടൂറിസം പദ്ധതിയില്‍ നടപ്പാക്കുന്ന യാത്രകള്‍ ഈ ദിവസങ്ങളില്‍ വനിതകള്‍ക്ക് മാത്രമായി നടത്താനാണ് തീരുമാനം. ചുരുങ്ങിയ ചെലവില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്കും കൂട്ടായും യാത്രകള്‍ ബുക്ക് ചെയ്യാം.ഒന്നിച്ചുപോകുന്നവരില്‍ നിശ്ചിത എണ്ണം യാത്രക്കാരുണ്ടെങ്കില്‍ ബസ് പൂര്‍ണമായും ബുക്ക് ചെയ്യാനാകും.കോഴിക്കോട് ഡിപ്പോ ‘പെണ്‍കൂട്ട്’ എന്നപേരിലാണ് യാത്ര സംഘടിപ്പിക്കുന്നത്. ഓരോ ഡിപ്പോയ്ക്കും ഇഷ്ടമുള്ള പേര് യാത്രകള്‍ക്കായി തിരഞ്ഞെടുക്കാം. ഗവി, മൂന്നാര്‍, വാഗമണ്‍, വയനാട്, തിരുവനന്തപുരം, വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്ക്, റാണിപുരം, നെല്ലിയാമ്പതി, കുമരകം എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രകളുണ്ട്. വനയാത്രയടക്കമുള്ള വിവിധ പാക്കേജുകള്‍ വയനാട്ടിലേക്ക് മാത്രമായുണ്ട്.നിലവില്‍ വിവിധ ഡിപ്പോകളില്‍ നിന്നായി പല സ്ഥലങ്ങളിലേക്കായി 700 ബജറ്റ് ടൂറിസം പാക്കേജുകളാണ് കെ.എസ്.ആര്‍.ടി.സി.ക്കുള്ളത്. വനിതായാത്രാവാരത്തില്‍ ഇതില്‍ വനിതകള്‍ക്ക് മുന്‍ഗണന നല്‍കാനാണ് തീരുമാനം.കഴിഞ്ഞവര്‍ഷം എല്ലാ ജില്ലകളിലുമായി 50 ട്രിപ്പ് നടത്താനായിരുന്നു തീരുമാനം. എന്നാല്‍ കൂടുതല്‍ യാത്രക്കാരെത്തിയതോടെ 100 ട്രിപ്പുകള്‍ നടത്തി.ഇതില്‍ 26 എണ്ണം കോഴിക്കോട് ഡിപ്പോയില്‍നിന്നായിരുന്നു. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ യാത്രക്കാരെത്തിയത്.ഒരുദിവസത്തെ യാത്രയ്ക്കാണ് കൂടുതല്‍ ബുക്കിങ്ങുള്ളത്. ഒരാള്‍ക്ക് ഭക്ഷണമടക്കം ഒരുദിവസത്തെ യാത്രയ്ക്ക് 600 മുതല്‍ 700 രൂപവരെയാണ് ഈടാക്കുന്നത്. ചില സ്ഥലങ്ങളില്‍ പ്രവേശനഫീസടക്കം വരുന്നതിനാലാണ് തുകയില്‍ വര്‍ധനയുണ്ടാകുന്നത്. അഗതിമന്ദിരങ്ങളിലെയും മറ്റും വനിതാ അന്തേവാസികളെയും ഉള്‍പ്പെടുത്തി യാത്ര നടത്താനും ആലോചനയുണ്ട്.
Leave A Reply

Your email address will not be published.