Verification: ce991c98f858ff30

സോണ്ട ഇന്‍ഫ്രാടെക്കിൻ്റെ വാദം തള്ളി കൊല്ലം മേയര്‍

കൊല്ലം: കൊല്ലം കോര്‍പറേഷനിലെ മാലിന്യസംസ്കരണത്തില്‍ നിന്ന് ഒഴിവായെന്ന സോണ്ട ഇന്‍ഫ്രാടെക്കിൻ്റെ വാദം തള്ളി മേയര്‍ പ്രസന്ന ഏണസ്റ്റ്. കമ്പനി ഒഴിവായതല്ല, കോര്‍പറേഷന്‍ ഒഴിവാക്കിയതാണെന്ന് മേയര്‍. കമ്പനിയുടെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല. സോണ്ട 25 ശതമാനം തുക മുന്‍കൂര്‍ ആവശ്യപ്പെട്ടു. കോര്‍പറേഷന്‍ ആവശ്യപ്പെട്ട ഡെപ്പോസിറ്റ് നല്‍കാനും തയാറായില്ല. ഇതേതുടര്‍ന്ന് നിലവിലെ കൗണ്‍സിലാണ് സോണ്ടയെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും മേയര്‍ പറഞ്ഞു.

സോണ്‍ടയെ ഒഴിവാക്കിയത് ശരിയായ തീരുമാനം ആയിരുന്നെന്ന് ഇപ്പോള്‍ തെളിഞ്ഞെന്നും പ്രസന്ന ഏണസ്റ്റ് പറഞ്ഞു. സോണ്‍ടയുമായുള്ള കരാര്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് 2019-20 ലെ കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനം കൈക്കൊണ്ടിരുന്നു. തുടര്‍ന്ന് 2020-ല്‍ നിലവില്‍ വന്ന ഞങ്ങളുടെ കൗണ്‍സിലിന് ഈ വിഷയം ആദ്യം തന്നെ പരിശോധിക്കേണ്ടിവന്നു. കാരണം, മാലിന്യനീക്കം നിശ്ചിതകാലയളവിനുള്ളില്‍ നടത്തിയില്ലെങ്കില്‍ ആറുകോടി രൂപയോളം അടയ്ക്കണമെന്ന് ഗ്രീന്‍ ട്രിബ്യൂണലിൻ്റെ നിര്‍ദേശം വന്നിരുന്നു.

അതിനാലാണ് നിലവിലെ കൗണ്‍സില്‍ അധികാരത്തിലെത്തിയപ്പോള്‍ ഈ വിഷയം തന്നെ ആദ്യംതന്നെ പരിഗണിച്ചത്. അപ്പോഴാണ് സോണ്‍ട കമ്പനിയുടെ കരാറിലെ ഈ വ്യവസ്ഥകള്‍ ശ്രദ്ധയില്‍പ്പെട്ടതെന്നും തുടര്‍ന്ന് റദ്ദാക്കാന്‍ തീരുമാനിച്ചതെന്നും പ്രസന്ന ഏണസ്റ്റ് പറഞ്ഞു. അതേസമയം, കൊല്ലം കോര്‍പറേഷനിലെ മാലിന്യനീക്കം പദ്ധതിയില്‍നിന്ന് സ്വയം പിന്മാറിയതാണെന്നായിരുന്നു സോണ്‍ട ഇന്‍ഫ്രാടെക്ക് എംഡി രാജ്കുമാര്‍ ചെല്ലപ്പന്‍പിള്ള തിങ്കളാഴ്ച മാധ്യമങ്ങളോടു പ്രതികരിച്ചത്. 17 നഗരങ്ങളിലുള്ള സോണ്‍ടയുടെ പദ്ധതികളില്‍ കേരളത്തില്‍ മാത്രമാണ് പ്രശ്‌നം നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

Leave A Reply

Your email address will not be published.