പത്തനംതിട്ട: പത്തനംതിട്ട വെട്ടൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കാലടിയില്‍നിന്ന് കണ്ടെത്തിയ അജേഷിനെ പത്തനംതിട്ട ഡിവൈഎസ്പി ഓഫിസിലെത്തിച്ചു. ഇന്നലെ പട്ടാപ്പകല്‍ അഞ്ചംഗസംഘം ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി.
തട്ടിക്കൊണ്ടുപോയ സംഘം യുവാവിനെ വഴിയിൽ ഇറക്കി വിടുകയായിരുന്നു. വെട്ടൂർ സ്വദേശിയായ അജേഷ് കുമാറിനെ വീട്ടിൽ നിന്നും പിടിച്ചിറക്കി തട്ടിക്കൊണ്ട് പോവുകയായിരുന്നു. കാലടി സ്റ്റേഷന് സമീപത്ത് ആണ് അജേഷ് കുമാറിനെ ഇറക്കിവിട്ടത്. കാലടി പോലീസ് കസ്റ്റഡിയിലെടുത്ത അജേഷ് കുമാറിനെ പത്തനംതിട്ട പോലീസിന് കൈമാറി.
തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇന്നോവ കാറിലെത്തിയ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ട് പോയത്. അജേഷ് കുമാറിൻ്റെ ഫോണിലുളള ദൃശ്യങ്ങളെ ചൊല്ലിയുളള തർക്കമാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. പത്തനംതിട്ട സ്വദേശിയായ ഇതരസംസ്ഥാനങ്ങളില്‍ ബിസിനസ് ബന്ധമുള്ള ഒരാള്‍ ക്വട്ടേഷന്‍ നല്‍കിയതായാണ് പോലീസ് പറയുന്നത്.