Verification: ce991c98f858ff30

നടി ഖുശ്ബു ദേശീയ വനിതാ കമ്മീഷന്‍ അംഗം

NATIONAL NEWS – ന്യൂഡല്‍ഹി: നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു.

ഖുശ്ബുവടക്കം മൂന്ന് അംഗങ്ങളെയാണ് മൂന്ന് വര്‍ഷത്തെ കാലാവധിയില്‍ വനിതാ ശിശുവികസന മന്ത്രാലയം നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.

ഝാര്‍ഖണ്ഡില്‍ നിന്നുള്ള മംമ്താ കുമാരി, മേഘാലയയിലെ ഡെലീന ഖോങ്ദുപ്പ് എന്നിവരാണ് കമ്മീഷനിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റു അംഗങ്ങള്‍.

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കൂടിയാണ് ഖുശ്ബു. ‘ഇത്രയും വലിയ ഉത്തരവാദിത്വം തന്നെ ഏല്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിജിക്കും സര്‍ക്കാരിനും ഞാന്‍ നന്ദി പറയുന്നു. നിങ്ങളുടെ നേതൃത്വത്തില്‍ രാജ്യം വളര്‍ച്ചയുടെ പുരോഗതിയിലാണ്.

സ്ത്രീകളുടെ ശാക്തീകണത്തിനും സംരക്ഷണത്തിനുമായും താന്‍ ആത്മാര്‍ഥമായ പോരാട്ടം തുടരും’ എന്ന് ഖുശ്ബു പറഞ്ഞു. അതേസമയം, സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിരന്തരം നടത്തിയ പോരാട്ടങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണിതെന്ന് ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷന്‍ കെ.അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.

 

Leave A Reply

Your email address will not be published.