Verification: ce991c98f858ff30

ബംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീതി സൃഷ്ടിച്ചു; മലയാളി യുവതി അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീതി സൃഷ്ടിച്ചുവെന്നാരോപിച്ച് കേരള സ്വദേശിനിയെ അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച ആണ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോഴിക്കോട് സ്വദേശിയായ മാനസി സതീബൈനു(31)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊൽക്കത്തയിലേക്കുള്ള വിമാനം നഷ്‌ടമായതിനാലാണ് യുവതി അങ്ങനെ ചെയ്തതെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.

വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐഎസ്‌എഫ് ഉദ്യോഗസ്ഥൻ സന്ദീപ് സിംഗ് ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

രാവിലെ 8.20 ഓടെ മാനസി ഗേറ്റിനടുത്തേക്ക് ഓടി, കൊൽക്കത്തയിലേക്ക് പുറപ്പെടേണ്ട ഇൻഡിഗോ വിമാനത്തിൽ തനിക്ക് അടിയന്തിരമായി കയറണമെന്ന് പറഞ്ഞു.

വിമാനത്തിൽ കയറാൻ അനുവദിച്ചില്ലെങ്കിൽ വിമാനത്താവളം സ്‌ഫോടനം ചെയ്യുമെന്നും യുവതി ഭീഷണിപ്പെടുത്തി.

സിഐഎസ്‌എഫ് ഉദ്യോഗസ്ഥൻ യുവതിയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി ഉദ്യോഗസ്ഥനെ മർദിക്കുകയും ചെയ്തു.

തുടർന്ന് യുവതി ബോർഡിംഗ് ഗേറ്റ് 6 ലേക്ക് പോയി. അവിടെ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞ് യാത്രക്കാരെ ഭയപ്പെടുത്തുകയും ജീവൻ രക്ഷിക്കണമെങ്കിൽ ഓടിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Leave A Reply

Your email address will not be published.