ENTERTAINMENT NEWS – തൃശ്ശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ 2022-ലെ ഫെല്ലോഷിപ്പ്, അവാര്‍ഡ്, ഗുരുപൂജ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
വ്യത്യസ്ത കലാമേഖലകളില്‍ അനിഷേധ്യമായ സംഭാവനകള്‍ നല്‍കിയ മൂന്നുപേര്‍ക്ക് ഫെല്ലോഷിപ്പും 17 പേര്‍ക്ക് അവാര്‍ഡും 22 പേര്‍ക്ക് ഗുരുപൂജ പുരസ്‌കാരവും സമ്മാനിക്കും.
സംഗീതസംവിധായകനും ഗായകനുമായ വിദ്യാധരന്‍, നാടക സംവിധായകനും രചയിതാവും ദീപസംവിധായകനുമായ ഗോപിനാഥ് കോഴിക്കോട്,
ചെണ്ട, ഇടയ്ക്ക കലാകാരന്‍ കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ (പാഞ്ഞാള്‍) എന്നിവര്‍ക്കാണ് 50,000 രൂപയുടെ ഫെല്ലോഷിപ്പ്. അവാര്‍ഡ്, ഗുരുപൂജ ജേതാക്കള്‍ക്ക് 30,000 രൂപയുടേതാണ് പുരസ്‌കാരം.
നാടകം, സംഗീതം, കഥകളി, കഥാപ്രസംഗം എന്നീ മേഖലകളില്‍ സംഭാവന നല്‍കിയ 22 മുതിര്‍ന്ന പ്രതിഭകളെയാണ് ഇത്തവണ ഗുരുപൂജ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, വൈസ് ചെയര്‍പേഴ്‌സണ്‍ പി.ആര്‍. പുഷ്പവതി, സെക്രട്ടറി കരിവെള്ളൂര്‍ മുരളി, പ്രോഗ്രാം ഓഫീസര്‍ വി.കെ. അനികുമാര്‍ എന്നിവര്‍ അറിയിച്ചു. അവാര്‍ഡ് സമര്‍പ്പണത്തീയതി പിന്നീട് അറിയിക്കും.