Kerala News Today-കൊച്ചി: സംസ്ഥാന സ്കൂൾ കലോത്സവത്തെ ആർഭാടത്തിൻ്റെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും വേദിയാക്കരുതെന്ന് ഹൈക്കോടതി.
ദരിദ്ര ചുറ്റുപാടുകളിൽ നിന്ന് വരുന്ന കഴിവുള്ള കുട്ടികൾക്ക് ഇതിനുളള ചിലവ് താങ്ങാനാകില്ല. വിജയിക്കുക എന്നതിനേക്കാൾ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്ന് തിരിച്ചറിയണം. പരാജയം ഉൾക്കൊള്ളാൻ കുട്ടികളെ രക്ഷിതാക്കൾ സജ്ജരാക്കിയില്ലെങ്കിൽ ഇത്തരം കലോത്സവങ്ങൾ അവരെ വിഷാദ രോഗത്തിലേക്ക് തളളിവിട്ടേക്കും.
റവന്യൂ ജില്ലാ കലോത്സവ വിധി നിർണയത്തിനെതിരായ ഒരു കൂട്ടം ഹർജികൾ തളളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
കലോത്സവവുമായി ബന്ധപ്പെട്ട് അപകടമുണ്ടായാൽ സംഘാടകർക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.
ഇക്കാര്യത്തിൽ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കോടതി നിർദേശം നൽകി. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മാസ്ക് നിര്‍ബന്ധമായി ഉപയോഗിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചിരുന്നു. സാനിറ്റൈസറും ഉറപ്പാക്കണം. കോവിഡ് ജാഗ്രത കണക്കിലെടുത്തുള്ള നടപടികള്‍ എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
മത്സരങ്ങളില്‍ എ ഗ്രേഡ് ലഭിക്കുന്നവര്‍ക്ക് 1000 രൂപ സ്കോളര്‍ഷിപ്പ് നല്‍കും. മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ച് ഇക്കുറി വലിയ ഘോഷയാത്ര ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ സ്കൂൾ വിദ്യാർഥികളുടെ നൈസർഗിക–കലാ–സാഹിത്യ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന 61–ാം കേരള സ്കൂൾ കലോത്സവം ഇത്തവണ കോഴിക്കോടാണ്. 2015 ലാണ് അവസാനം കോഴിക്കോട് കലോത്സവത്തിന് വേദി ആയത്.
ജില്ലയിൽ ഇത് 8–ാം തവണയാണ് കലോത്സവം നടക്കുന്നത്.
Kerala News Today Highlight – ‘Participation is more important than winning’: High Court.