തൃശ്ശൂർ: കക്കുകളി നാടകത്തിനെതിരെ കെസിബിസിയും രംഗത്ത്. നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് കെസിബിസി. ചരിത്രത്തെ അപനിർമ്മിക്കുന്ന സൃഷ്ടികളെ മഹത്വവത്കരിക്കുന്നത് അംഗീകരിക്കാനാകില്ല എന്നും വാർത്തകുറിപ്പിൽ കെസിബിസി വ്യക്തമാക്കി. എത്രയും വേഗം നാടകത്തിൻ്റെ പ്രദർശനം നിരോധിക്കാൻ സർക്കാർ ഇടപെടൽ വേണം. സന്യാസ സമൂഹത്തിൻ്റെ ആത്മാഭിമാനത്തിന് വില പറയുന്ന നാടകം സംസ്ഥാന സർക്കാരിൻ്റെ അന്താരാഷ്ട്ര നാടക വേദിയിൽ അവസരം നൽകിയത് അപലപനീയമാണ്. അതുപോലെ കമ്മ്യുണിസ്റ്റ് സംഘടനകൾ നാടകത്തിനു നൽകുന്ന പ്രചാരണം അപലപിക്കപ്പെടേണ്ടതാണ് എന്ന് സഭ അറിയിച്ചു.
വ്യാഴാഴ്ച കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് കക്കുകളി നാടകം ക്രൈസ്തവ വിരുദ്ധ ഉള്ളടക്കമാണെന്ന് വിലയിരുത്തുകയും നാടകത്തിൻ്റെ അവതരണത്തെ അപലപിക്കുകയും ചെയ്തത്. നാടകത്തിനും സാഹിത്യരചനകൾക്കും എക്കാലവും വ്യക്തമായ സാമൂഹികപ്രസക്തിയുണ്ട്. തിരുത്തലുകൾക്കും പരിവർത്തനങ്ങൾക്കും സാമൂഹിക ഉന്നമനത്തിനും വഴിയൊരുക്കിയ ചരിത്രവും അവയ്ക്കുണ്ട്.
എന്നാൽ, ആ ചരിത്രത്തെ ഉയർത്തിക്കാണിച്ചുകൊണ്ട് അത്യന്തം അവഹേളനപരമായ ഉള്ളടക്കങ്ങളുള്ളതും ചരിത്രത്തെ അപനിർമ്മിക്കുന്നതുമായ സൃഷ്ടികളെ മഹത്വവൽക്കരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കെസിബിസി വാർത്താ കുറിപ്പിൽ പറഞ്ഞു. ക്രിസ്തീയ വിഭാഗം ഏറ്റവും കൂടുതലുള്ള വേലൂർ എന്നഗ്രാമത്തിലാണ് നാടകം ആദ്യമായി അവതരിപ്പിക്കുന്നത്. പതിനാലോളം വേദികളിൽ ഇതുവരെ നാടകം അവതരിപ്പിച്ചു. മന്ത്രി സജി ചെറിയാനും എം വി ഗോവിന്ദനും അടക്കമുള്ളവർ നാടകത്തെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഫ്രാൻസിസ് നൊറോണയുടെ കൃതിയെ ആസ്പദമാക്കിയാണ് നാടകം രചിച്ചിരിക്കുന്നത്.