ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കശ്മീർ വരെ കോൺഗ്രസ് നടത്തിയ ഭാരത് ജോഡോ യാത്ര എളുപ്പമായിരുന്നില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.
യാത്ര തുടങ്ങി മൂന്നാം ദിനം തന്നെ രാഹുൽ ഗാന്ധിക്ക് മുട്ടുവേദന തുടങ്ങി.
യാത്ര കേരളത്തിലേക്ക് കടന്നപ്പോൾ അതിശക്തമായ മുട്ടുവേദനകൊണ്ട് രാഹുൽ പിടയുകയായിരുന്നു. വേദന സഹിക്കവയ്യാതെ, ഒരു ഘട്ടത്തിൽ രാഹുലില്ലാതെ യാത്ര തുടരുന്നത് പോലും ആലോചിച്ചുവെന്ന് കെ.സി വേണുഗോപാൽ പറയുന്നു.
യാത്രയില്‍ നിന്ന് രാഹുല്‍ പിന്മാറിയേക്കുമെന്ന് സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി പറഞ്ഞത് വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലേക്ക് തന്നെ നയിച്ചെന്നും വേണുഗോപാല്‍ പറഞ്ഞു.
രാഹുലിൻ്റെ ദൃഡനിശ്ചയമാണ് യാത്ര പൂര്‍ത്തിയാക്കാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. വളരേയെറെ ആശങ്കയുണ്ടായ ഈ സമയത്ത് രാഹുല്‍ കൈകള്‍ കൂട്ടിപ്പിടിച്ച് നിന്നു. ദൈവികമായ ഒരിടപെടലിന് വേണ്ടി പ്രാര്‍ത്ഥിച്ചു.
അവസാനം രാഹുല്‍ നിര്‍ദേശിച്ച ഒരു ഫിസിയോതെറാപ്പിസ്റ്റ് അദ്ദേഹത്തിൻ്റെ മെഡിക്കല്‍ ടീമിനോടൊപ്പം ചേര്‍ന്നു. ദൈവാനുഗ്രഹത്താൽ അദ്ദേഹത്തിൻ്റെ വേദന സുഖപ്പെട്ടുവെന്നും വേണുഗോപാല്‍ പറഞ്ഞു. സെപ്തംബര്‍ 10നാണ് യാത്ര കേരളത്തിലെത്തിയത്. 19 ദിവസമാണ് കേരളത്തിൻ്റെ തെരുവിലൂടെ രാഹുല്‍ നടന്നത്.