കാസർഗോഡ്: കാസർഗോഡ് ഗവ.കോളജില്‍ വിദ്യാര്‍ഥികളെ പൂട്ടിയിട്ടെന്ന വിവാദത്തില്‍ എസ്എഫ്ഐയ്‌ക്കെതിരെ മുന്‍ പ്രിന്‍സിപ്പല്‍ എം.രമ. റാഗിങ്ങിനും ലഹരി ഉപയോഗത്തിനും എസ്എഫ്ഐക്കാര്‍ക്കെതിരെ പരാതികള്‍ ലഭിച്ചിരുന്നു. ഇതിനെതിരായ നടപടികളാണ് അവരെ പ്രകോപിപ്പിച്ചതെന്ന് എം.രമ പറഞ്ഞു. കുടിവെള്ളം മലിനമായ പ്രശ്നം കോളജില്‍ ഉണ്ടായിട്ടില്ല. തന്റെ ഭാഗം കേള്‍ക്കാതെയാണ് പ്രതികാര നടപടിയെടുത്തെന്നും രമ പറഞ്ഞു.
കോളേജിൽ വിദ്യാർത്ഥികൾക്കിടയിൽ അരുതാത്ത പലതും നടക്കുന്നു. മയക്കുമരുന്ന് വിൽപ്പന സജീവമാണ്. ഇത് ചോദ്യം ചെയ്തതിനാണ് എസ്എഫ്ഐ തനിക്കെതിരെ സമരം നടത്തിയത്. വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള നല്ല അന്തരീക്ഷം ഉണ്ടാക്കാനാണ് താൻ ശ്രമിച്ചതെന്നും അവര്‍ പറഞ്ഞു. അതേസമയം, കാസർഗോഡ് ഗവ. കോളേജിൽ പ്രിൻസിപ്പൽ ഇൻ ചാർജായിരുന്ന രമയെ ഉപരോധിച്ച സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
എസ്എഫ്ഐ നേതാക്കൾ ഉൾപ്പടെ പത്ത് വിദ്യാർത്ഥികൾ, കണ്ടാലറിയാവുന്ന മറ്റ് അൻപത് പേർ എന്നിവർക്കെതിരെയാണ് കേസ്. നിയമ വിരുദ്ധമായ സംഘം ചേരൽ, കൃത്യനിർവ്വഹണം തടസപ്പെടുത്തൽ, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ വകുപ്പുകൾ ആണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വിദ്യാർഥികളെ പൂട്ടിയിട്ടെന്നും അപമര്യാദയായി പെരുമാറിനും ആരോപിച്ചാണ് കഴിഞ്ഞ ദിവസം വിദ്യാർഥികൾ പ്രിൻസിപ്പൽ ഇൻ ചാർജായ രമ ഉപരോധിച്ചത്. ഇതിനുശേഷം ഇവർ നൽകിയ പരാതിയിലാണ് കാസർഗോഡ് പോലീസ് കേസെടുത്തത്.