ENTERTAINMENT NEWS – ന്യൂഡൽഹി : ‘കാന്താര’ സിനിമയിൽ വരാഹരൂപം എന്ന ഗാനം ഉൾപ്പെടുത്തി പ്രദർശിപ്പിക്കുന്നത് വിലക്കിയ കേരള ഹൈക്കോടതി നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു.
‘വരാഹരൂപം’ എന്ന ഗാനം തൈക്കൂടം ബ്രിജിന്റെ നവരസമെന്ന ഗാനം കോപ്പിയടിച്ചതാണെന്ന കേസിൽ ഹൈക്കോടതി ചിത്രത്തിന്റെ നിർമാതാവ് വിജയ് കിരഗന്ദൂർ, സംവിധായകൻ ഋഷഭ് ഷെട്ടി എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
ഗാനം ഉപയോഗിക്കില്ലെന്ന ഉപാധിയോടെയായിരുന്നു ജാമ്യം. ഇതിനെ സുപ്രീം കോടതി വിമർശിച്ചു.
പകർപ്പാവകാശ വിഷയം ജാമ്യത്തിന്റെ ഉപാധിയാകാൻ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
അതേസമയം നിർമാതാവിനും സംവിധായകനുമെതിരെ അന്വേഷണം തുടരാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതി അനുമതി നൽകി.
ഫെബ്രുവരി 12,13 തീയതികളിൽ ഇരുവരും ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകണം. അറസ്റ്റുണ്ടായാൽ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദേശിച്ചു.