തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണത്തൊഴിലാളികളില്‍ പട്ടികജാതിക്കാരില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതിനെതിരെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണത്തൊഴിലാളികള്‍. കൂട്ടത്തിലൊരാള്‍ ദലിത് വിഭാഗത്തില്‍നിന്നാണ്.
മൂന്നുപേര്‍ ഒബിസിക്കാരെന്നും ജീവനക്കാര്‍ പറഞ്ഞു. ഡയറക്ടറായിരുന്ന ശങ്കര്‍ മോഹൻ്റെ വീട്ടിലെ ശുചിമുറി കഴുകിപ്പിച്ചെന്ന ആരോപണം വനിതാ തൊഴിലാളികള്‍ ആവര്‍ത്തിച്ചു.
ആരോപണങ്ങളെ കുറിച്ച് അടൂര്‍ പറയുന്നത് പച്ചക്കള്ളമാണ്. ശങ്കര്‍ മോഹൻ്റെ വീട്ടില്‍ നേരിട്ട ദുരിതം കേള്‍ക്കാന്‍ അടൂര്‍ തയ്യാറായില്ല. അതില്‍ വലിയ വിഷമമുണ്ട്. സമരത്തില്‍ പങ്കെടുത്തതുകൊണ്ട് ഈ മാസം ശമ്പളം ലഭിച്ചില്ല.
അടൂര്‍ സാറിനെ പോലെ ഇത്രയും വിദ്യാഭ്യാസമുള്ളവര്‍ ഇതുപോലെ പച്ചക്കള്ളം പറയരുത്.
സത്യസന്ധമായ ആരോപണങ്ങള്‍ മാത്രമാണ് ഞങ്ങള്‍ പറയുന്നത്. ഞങ്ങളെ കൊണ്ട് സ്‌ക്രബ്ബര്‍ ഉപയോഗിച്ച് കക്കൂസ് വൃത്തിയാക്കിച്ചിട്ടില്ലെന്ന് ഈശ്വരനെ സാക്ഷിയാക്കി അവര്‍ക്ക് പറയാന്‍ പറ്റുമോ?’ എന്ന് ജീവനക്കാര്‍ ചോദിച്ചു.
തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താ സമ്മേളത്തിലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങളാണ് ജാതിവിവേചനമെന്ന തരത്തില്‍ പ്രചരിച്ചതെന്നും ആടിനെ പട്ടിയാക്കുന്ന രീതിയാണ് മാധ്യമങ്ങള്‍ പോലും കാണിച്ചതെന്നും അടൂര്‍ പറഞ്ഞു.
ഇന്നലെ മുഖ്യമന്ത്രിയെ നേരില്‍ കണ്ട അദ്ദേഹം നേരിട്ട് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു.