തിരുവനന്തപുരം: നിയമസഭാ സംഘർഷത്തിൽ സച്ചിൻ ദേവ് എംഎൽഎക്കെതിരെ കെ കെ രമ എംഎൽഎ സ്പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകി. നിയമ സഭാ സംഘർഷം തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്ന് എന്ന് രമ ആരോപിച്ചു. കൈ പൊട്ടിയില്ല എന്ന പേരിൽ വ്യാജ പ്രചാരണം നടത്തുന്നുവെന്നും സമൂഹ മാധ്യമങ്ങളിൽ അപമാനിക്കുന്നുവെന്നുമാണ് പരാതി. സ്ക്രീൻ ഷോട്ട് സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.
സചിൻദേവ് എംഎൽഎ പങ്കുവെച്ച പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട് സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. സിപിഎമ്മിൻ്റെ സൈബർ അണികളുടെ നിലവാരത്തിലാണ് എംഎൽഎയുടെ പ്രചാരണമെന്ന് രമ ആരോപിച്ചു. ഈ പ്രചാരണമാണ് സിപിഎമ്മിൻ്റെ സൈബർ അണികൾ ഇപ്പോൾ പിന്തുടരുന്നതെന്നും അവർ പറഞ്ഞു. നേരത്തെ നിയമസഭയിലുണ്ടായ സംഘർഷത്തിന് പിന്നാലെ കെ കെ രമയുടെ പരിക്ക് വ്യാജമാണെന്ന രീതിയിൽ സചിൻ ദേവ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
”ഇൻ ഹരിഹർ നഗറിനും, ടു ഹരിഹർ നഗറിനും ശേഷം ലാൽ സംവിധാനം ചെയ്ത മറ്റൊരു ചിത്രമായിരുന്നു ഇൻ ഗോസ്റ്റ് ഹൗസ് ഇൻ. അതിൽ ഇടതു കൈയ്യിലുണ്ടായിരുന്ന തിരുമുറിവ് വലതു കൈയ്യിലേക്ക് മാറിപ്പോകുന്ന സീനുമായി ഇന്ന് സഭയിൽ നടന്ന സംഭവങ്ങൾക്ക് സാദൃശ്യം തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം” എന്ന കുറിപ്പോടെ കെ കെ രമയുടെ ചിത്രം സചിൻദേവ് പങ്കുവെക്കുകയായിരുന്നു.