മലപ്പുറം: മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമത്തിൻ്റെ പരിധിയില്‍ നിന്ന് ഒഴിവാകാന്‍ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതനായ അഡ്വ. ഷുക്കൂര്‍-ഷീന ദമ്പതികളുടെ വിവാഹത്തിൽ പ്രതികരണവുമായി സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. വസിയത്ത് ആയോ ദാനമായോ സ്വത്തുക്കൾ കൊടുക്കാം, പെൺകുട്ടികൾക്ക് മാത്രം സ്വത്ത് കൊടുക്കണമെങ്കിൽ അവരുടെ പേരിൽ എഴുതിവെച്ചാൽ മതിയല്ലോയെന്നും അദ്ദേഹം പറഞ്ഞു.
വേറെ മാർഗങ്ങളുണ്ട്’ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. 1994 ഒക്ടോബർ 6 ന് ഇസ്ലാം മതാചാര പ്രകാരം വിവാഹിതരായ ഷൂക്കൂർ വക്കീലും ഭാര്യ ഷീനയും വനിതാ ദിനമായ 2023 മാർച്ച് 8 ന് കാഞ്ഞങ്ങാട് ഹോസ്ദുർഗ്ഗ് സബ്ബ് രജിസ്ട്രാർ മുമ്പാകെ രാവിലെ 10 മണിക്ക് സ്പെഷ്യൽ മാര്യേജ് നിയമം വകുപ്പ് 15 പ്രകാരം ഷൂക്കൂറും ഭാര്യയും വീണ്ടും വിവാഹിതരായിരുന്നു.
ഒരു ആൺകുട്ടി പോലും ഇല്ലാത്തതിനാൽ ഇന്ത്യയിലെ മുസ്ലിം പിന്തുടർച്ചാ നിയമപ്രകാരം വ്യക്തിയുടെ സ്വത്തിൽ മൂന്നിൽ രണ്ട് ഓഹരി പെൺകുട്ടികൾക്കും ഒരെണ്ണം സഹോദരങ്ങൾക്കും ലഭിക്കും. തൻ്റെ പെൺകുട്ടികൾക്ക് സ്വത്തിൽ പൂർണ അവകാശം ലഭിക്കുവാനും സ്പെഷ്യൽ മാര്യേജ് ആക്ട് വഴി വിവാഹം കഴിക്കുന്നവരെ മുസ്ലിം വ്യക്തിനിയമം ബാധിക്കുകയില്ല എന്ന സാധ്യതയെ ഉപയോഗിക്കുകയുമാണ് താൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.