തിരുവനന്തപുരം: വെള്ളനാട്ട് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കരടിയെ രക്ഷിക്കുന്നതിനുള്ള ദൗത്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ഡി.എഫ്.ഒയുടെ റിപ്പോർട്ട്. വെള്ളത്തിലുള്ള വന്യമൃഗങ്ങളെ പിടിക്കുന്നതിന് മാനദണ്ഡങ്ങളുണ്ടെങ്കിലും കരടിയെ രക്ഷിക്കാനുള്ള ദൗത്യത്തിൽ അതൊന്നും പാലിച്ചില്ലെന്നാണ് ഡി.എഫ്.ഒ നൽകിയ അടിയന്തര റിപ്പോർട്ട്.
വെള്ളത്തിൽ വീണ വന്യമൃഗത്തെ പിടികൂടുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളിൽ പിഴവ് സംഭവിച്ചതെന്നാണ് പറയുന്നത്. കിണറ്റിൽ വീണ കരടിയെ പുറത്തെടുക്കുന്നതിൽ നിലവിലുള്ള നിബന്ധനകൾ പാലിച്ചിട്ടില്ലെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ റിപ്പോർട്ടിൽ പറയുന്നത്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ വൈൽഡ് ലൈഫ് വാർഡൻ സ്ഥലത്തുണ്ടാകേണ്ടതായിരുന്നു. എന്നാൽ അതുണ്ടായില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
വെള്ളത്തിൽ മുങ്ങാൻ സാധ്യതയുള്ള വന്യമൃഗത്തെ പിടികൂടുമ്പോൾ മയക്കുവെടി വെയ്ക്കരുതെന്നാണ് വനംവകുപ്പിൻ്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യറെന്നും ഇത് ലംഘിക്കപ്പെട്ടുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മയക്കുവെടിയേറ്റ് അസ്വസ്ഥനാകുന്ന കരടി അനങ്ങുമ്പോൾ കയർവല നീങ്ങാനോ, കിണറ്റിലെ വെള്ളത്തിലേക്ക് പതിക്കാനോ ഉള്ള സാധ്യതകൾ ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി കാണാനാവാഞ്ഞതും വീഴ്ചയാണ്. മയക്കുവെടി ഏൽക്കുന്ന മൃഗം അപകട സാഹചര്യത്തിലേക്ക് നീങ്ങിയാൽ ആന്റി ഡോട്ട് പ്രയോഗിക്കാനാകുമെങ്കിലും വെള്ളനാട് അതുണ്ടായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.