Verification: ce991c98f858ff30

‘ഇന്ത്യയെ പോലെ ഇസ്ലാമിക പ്രവർത്തന സ്വാതന്ത്ര്യമുള്ള രാജ്യമില്ല’: പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍

കോഴിക്കോട്: ഇന്ത്യ മതസ്വാതന്ത്ര്യമുള്ള നാടാണെന്ന് സമസ്‌ത എ പി വിഭാഗം. ഇന്ത്യ പോലെ ഇസ്ലാമിക പ്രവർത്തന സ്വാതന്ത്ര്യമുള്ള മറ്റു രാജ്യങ്ങളില്ല.

ഗൾഫിൽ പോലും ഈ സ്വാതന്ത്ര്യം ലഭിക്കാറില്ലെന്നും സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്‌ല്യാർ പറഞ്ഞു.

കോഴിക്കോട്ട് എസ്എസ്എഫ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ മതസ്വാതന്ത്ര്യം അനുവദിക്കുന്ന നാടാണ്.

സൗദി ഉൾപ്പടെയുള്ള ഇസ്‌ലാമിക രാജ്യങ്ങളിൽപോലും ഇവിടുത്തെ സ്വാതന്ത്ര്യമില്ല. താഴെത്തട്ടുവരെ മതപ്രവർത്തന സ്വാതന്ത്യം മറ്റൊരു രാജ്യത്തുമില്ലെന്നും പൊന്മള അബ്ദുൽ ഖാദർ മുസ്‌ല്യാർ ചൂണ്ടിക്കാട്ടി.

‘ലോകരാഷ്ട്രങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇസ്ലാമികമായി ഇവിടെ പ്രവര്‍ത്തനം നടത്തുന്നതുപോലെ നടത്താന്‍ സൗകര്യമുള്ള ഒരു രാജ്യവുമില്ല.

പരിചയമുള്ള ഗള്‍ഫ് നാടുകളില്‍ യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍, സൗദി അറേബ്യ, കിഴക്കന്‍ രാജ്യങ്ങളില്‍ മലേഷ്യ, സിംഗപ്പൂര്‍ അവിടങ്ങളിലും ഒരിടത്തും ഇതുപോലെ പ്രവര്‍ത്തനത്തിന് പറ്റിയ ഒരു രാജ്യമില്ല. വെള്ളിയാഴ്ച മതപ്രഭാഷണം നടത്താന്‍ നാട്ടിലൊരു പ്രശ്നവുമില്ല.’, പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ പറഞ്ഞു.

രാജ്യത്തിൻ്റെ സമാധാനത്തിനും പുരോഗതിക്കും മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞിരുന്നു.

എസ്എസ്എഫിൻ്റെ ഗോള്‍ഡന്‍ ഫിഫ്റ്റി സംസ്ഥാന പ്രതിനിധി സമ്മേളനം കോഴിക്കോട് സ്വപ്ന നഗരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളും യുവാക്കളും രാജ്യത്ത് നല്ല അന്തരീക്ഷം സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Leave A Reply

Your email address will not be published.