Verification: ce991c98f858ff30

പാഴ്സൽ ഭക്ഷണത്തിന് സ്റ്റിക്കറുകൾ നിർബന്ധമാക്കി; കർശന പരിശോധന

KERALA NEWS TODAY – തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവൻ ഹോട്ടലുകളിലും ബേക്കറികളിലും ഇന്ന് മുതൽ നൽകുന്ന പാഴ്‌സലുകളിൽ എത്ര സമയത്തിനകം ഭക്ഷണം കഴിക്കണമെന്നുള്ള സ്റ്റിക്കർ നിർബന്ധമാക്കി.

ഭക്ഷണം തയാറാക്കിയ സമയവും രേഖപ്പെടുത്തണം.

ഇത്തരത്തിലുള്ള സ്റ്റിക്കർ ഇല്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ നിരോധിച്ചിട്ടുണ്ട്.

അതേസമയം ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നതിന് രണ്ടാഴ്ചകൂടി സാവകാശം അനുവദിച്ചിട്ടുണ്ട്. .

ഇന്ന് മുതൽ പരിശോധന നടത്തുമെങ്കിലും ഫെബ്രുവരി 16 മുതലേ നടപടികളിലേക്ക് കടക്കൂവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
ഹെൽത്ത് കാർഡ് എടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും സാവകാശം വേണമെന്നുമുള്ള ഹോട്ടൽ സംഘടനകളുടെ അവശ്യം പരിഗണിച്ചാണ് രണ്ടാഴ്ച സാവകാശം അനുവദിച്ചത്.

എല്ലാ റജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർമാരും ആവശ്യമായ പരിശോധനകൾ നടത്തി അടിയന്തരമായി ഹെൽത്ത് കാർഡ് നൽകേണ്ടതാണെന്നും മന്ത്രി വീണാ ജോർജ് നിർദേശം നൽകി.

ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ ഉപയോഗിച്ചിരിക്കണം.

പാഴ്‌സലിൽ പറഞ്ഞിരിക്കുന്ന സമയം കഴിഞ്ഞാൽ ആ ഭക്ഷണം കഴിക്കാൻ പാടില്ല. അടപ്പിച്ച സ്ഥാപനങ്ങൾ തുറന്നുകൊടുക്കുമ്പോൾ മറ്റ് ന്യൂനതകൾ പരിഹരിക്കുന്നതോടൊപ്പം ജീവനക്കാർ രണ്ടാഴ്ചയ്ക്കകം ഭക്ഷ്യ സുരക്ഷാ പരീശീലനം നേടണമെന്നും, തുറന്ന ശേഷം ഒരു മാസത്തിനകം ഹൈജീൻ റേറ്റിംഗിനായി രജിസ്റ്റർ ചെയ്യുമെന്നുമുള്ള സത്യപ്രസ്താവന ഹാജരാക്കണമെന്നുമാണ് നിർദ്ദേശം.

Leave A Reply

Your email address will not be published.