കോഴിക്കോട്: എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസില്‍ ഷൊർണൂർ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. ഷൊർണൂരിൽ പ്രതിയെ സഹായിക്കാൻ ആളുണ്ടായിരുന്നു എന്ന നിഗമനത്തിൽ ഊന്നിയാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ഭക്ഷണമെത്തിച്ചത് ആരെന്ന് കണ്ടെത്തണം. കൂട്ടാളികൾ ട്രെയിനിൽ ഉണ്ടായിരുന്നോ എന്നും സംശയമുണ്ട്.
ഷൊർണൂരിൽ എത്തിയ ദിവസം പ്രതി വിളിച്ച ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഫോണുകൾ പലതും സ്വിച്ച്ഡ് ഓഫ് ആണ്. പ്രതി വന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പോലീസിന് കൈമാറി. പ്രതി ഷാരൂഖ് ഷൊർണൂരിൽ എത്തിയത് പുലർച്ചെ നാല് മണിയോടെയാണ്. ഇയാളെ ഓട്ടോ ഡ്രൈവർ തിരിച്ചറിഞ്ഞു. പോലീസിനെ വിവരമറിയിച്ചത് ഓട്ടോ ഡ്രൈവറുടെ സുഹൃത്ത്. പ്രതി കാനിലാണ് പെട്രോൾ വാങ്ങിയത്. ഇത് കുപ്പിയിൽ ആക്കിയത് എവിടെ നിന്നാണെന്ന് അന്വേഷിക്കുന്നുണ്ട്.
ഷൊർണൂരിലെ ഒരു കോളനിയിൽ പ്രതി എത്തിയിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കോളനിയിൽ എത്തി അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. ഷാറൂഖ് സൈഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകാനാണ് സാധ്യത. ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ച ഷാറൂഖിനെ ഇന്ന് വിശദമായ വൈദ്യപരിശോധനക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കും. തുടർന്ന് ഡോക്ടർമാരുടെ മെഡിക്കൽ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.