Verification: ce991c98f858ff30

ഡ്രൈവർ മദ്യപിച്ചതിന്റെ പേരിൽ ഇൻഷുറൻസ് നിഷേധിക്കരുത്: ഹൈക്കോടതി

KERALA NEWS TODAY – കൊച്ചി : അപകട സമയം ഡ്രൈവർ മദ്യപിച്ചിരുന്നതിനാൽ ഇൻഷുറൻസ് ആനുകൂല്യത്തിന് അർഹതയില്ലാതാകില്ലെന്ന് ഹൈക്കോടതി. വാഹനാപകടത്തിൽ പരിക്കേറ്റ മൂന്നാം കക്ഷിക്ക് ഡ്രൈവർ മദ്യപിച്ചിരുന്നു എന്ന കാരണത്താൽ ഇൻഷുറൻസ് തുക നിഷേധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

മലപ്പുറം സ്വദേശി മുഹമ്മദ് റഷീദ് നൽകിയ ഹർജിയിലാണ് ഉത്തരവ്.

വാഹനാപകടത്തിൽ പരിക്കേറ്റ മൂന്നാം കക്ഷിക്ക് ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് തുക കൈമാറണം.

പിന്നീട് ഈ തുക അപകടത്തിന് കാരണക്കാരനായ ഡ്രൈവറിൽ നിന്നും വാഹന ഉടമയിൽ നിന്നും ഇൻഷുറൻസ് കമ്പനിക്ക് പിന്നീട് ഈടാക്കാം.

മൂന്നാം കക്ഷിക്ക് ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോ എന്ന് നേരത്തേ അറിയാനാകില്ല. ഈ വ്യവസ്ഥയുടെ പേരിൽ ഇൻഷുറൻസ് തുക നിഷേധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

മുഹമ്മദ് റഷീദ് യാത്ര ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ നിലമ്പൂർ സ്വദേശി ഇ.കെ. ഗിരിവാസൻ ഓടിച്ച കാർ ഇടിച്ചിരുന്നു.

ഗിരിവാസൻ മദ്യപിച്ചിരുന്നു. അപകടത്തിൽ 2,40,000 രൂപ ട്രിബ്യൂണൽ നഷ്ടപരിഹാരമായി വിധിച്ചിരുന്നു. എന്നാൽ, 39,000 രൂപ കൂടി അധികമായി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. രണ്ട് മാസത്തിനുള്ളിൽ ഹർജിക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഈ തുക ഏഴ് ശതമാനം പലിശ സഹിതം കൈമാറാൻ ഇൻഷുറൻസ് കമ്പനിയോട് ഹൈക്കോടതി നിർദേശിച്ചു.

Leave A Reply

Your email address will not be published.