Verification: ce991c98f858ff30

സംസ്ഥാനത്ത് ഉയ‍ർന്ന താപനില തുടരുന്നു; ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില തുടരുന്നു. സാധാരണയെക്കാൾ ഉയർന്ന ചൂട് ഈ ദിവസങ്ങളിൽ അനുഭവപ്പെടാനാണ് സാധ്യത. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് പാലക്കാട് എരിമയൂരാണ്. 43.5 ഡിഗ്രി സെൽഷ്യസ്. രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെയുള്ള സമയത്ത് തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ പെയ്യാനും സാധ്യതയുണ്ട്. വ്യാഴ്ചയോടെ മഴ മെച്ചപ്പെട്ടേക്കും.

ആറു ജില്ലകളിൽ നിലവിലെ സാഹചര്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം. കഴിഞ്ഞ ഏഴ് ദിവസം തുടർച്ചയായി സംസ്ഥാനത്തെ പത്തിലധികം പ്രദേശങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തിയിരുന്നു. അതേസമയം 20, 21 തിയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴ പ്രതീക്ഷിക്കാം. പാലക്കാട്, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസിനടുത്തെത്തും.

മറ്റു വടക്കൻ ജില്ലകളിൽ നിലവിലെ സാഹചര്യം തുടരാനാണ് സാധ്യത. കോട്ടയം, ആലപ്പുഴ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. സാധാരണ നിലയിൽ നിന്ന് രണ്ടു മുതൽ നാലു ഡിഗ്രി വരെ കൂടുതലാണ് മിക്ക ജില്ലകളിൽ താപനില. നിലവിലെ സാഹചര്യം കണക്കിലെടുത്ത്‌ ദുരന്തനിവാരണ അതോറിറ്റി ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വേനൽ മഴ കുറഞ്ഞതാണ് താപനില ​ഗണ്യമായി ഉയരാനുള്ള കാരണമെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് മാസം മുതൽ ലഭിക്കേണ്ട വേനൽ മഴയിൽ 42 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു.

Leave A Reply

Your email address will not be published.