KERALA NEWS TODAY – കൊച്ചി : അഡ്വ.സൈബി ജോസ് ഹാജരായ കേസിൽ പ്രതികളുടെ ജാമ്യ ഉത്തരവ് ഹൈക്കോടതി തിരിച്ചുവിളിച്ചു.
മൂന്ന് ജഡ്ജിമാരുടെ പേരിൽ അഭിഭാഷകനായ സൈബി ജോസ് കൈക്കൂലി വാങ്ങിയ സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് പത്തനംതിട്ട സ്വദേശി ബാബുവിന്റെ ഹർജിയിൽ ഹൈക്കോടതിയിൽ അസാധാരണ നടപടി.
ഇരയുടെ ഭാഗം കേൾക്കാതെ പ്രതികൾക്ക് ജാമ്യം നൽകിയതിൽ വീഴ്ച പറ്റിയെന്ന വിലയിരുത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ നടപടി.
നോട്ടീസ് ലഭിച്ചിട്ടും ഇര ഹാജരായില്ല എന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്.
പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം റാന്നി പൊലീസ് എടുത്ത കേസിൽ പ്രതികളായ ബൈജു സെബാസ്റ്റ്യൻ, ജിജോ വർഗീസ് എന്നീവർക്ക് ജാമ്യം നൽകിയത് ഇരയായ തന്റെ വാദം കേൾക്കാതെ ആണെന്നായിരുന്നു പരാതി.
പ്രതികൾക്ക് വേണ്ടി സൈബി ജോസ് കിടങ്ങൂർ ആയിരുന്നു അന്ന് ഹാജരായതെന്നും നോട്ടീസ് ലഭിക്കാത്തത് സംശയാസ്പദമാണെന്നും കോടതി അറിയിച്ചു. തുടർന്നാണ് ജസ്റ്റിസ് സിയാദ് റഹ്‌മാൻ 2022 ഏപ്രൽ 29 ൽ താൻ പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിച്ചത്.
ഇരയുടെ വാദം കേൾക്കാതെ പ്രതികൾക്ക് ജാമ്യം നൽകിയത് സുപ്രീംകോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനമാണെന്നും കോടതി വിലയിരുത്തി.
ഒരു വർഷം മുൻപ് നൽകിയ ജാമ്യ ഹർജി വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടുവരാനും ജസ്റ്റിസ് സിയാദ് റഹ്‌മാൻ നിർദ്ദേശിച്ചു.