വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് വാള് വിതരണം ചെയ്ത് ബിഹാറിലെ എംഎല്‍എ. സീതാമര്‍ഹി ജില്ലയില്‍ നിന്നുള്ള ബിജെപി എംഎല്‍എ മിതിലേഷ് കുമാറാണ് പെണ്‍കുട്ടികള്‍ക്ക് വിവാദ സമ്മാനം നല്‍കിയിരിക്കുന്നത്. സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കാണ് ആയുധം നല്‍കിയത്. ഏതെങ്കിലും ദുഷ്ട വ്യക്തികള്‍ നമ്മുടെ സഹോദരിമാരെ തൊടാന്‍ ധൈര്യപ്പെട്ടാല്‍ ഈ വാളുപയോഗിച്ച് അവന്റെ കൈ വെട്ടണമെന്നും അദ്ദേഹം പറഞ്ഞു. കപ്രോല്‍ റോഡില്‍ നടന്ന ആഘോഷ പരിപാടിയിലായിരുന്നു വിവാദ പ്രസംഗവും നടപടിയും. ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവന്റെ കൈവെട്ടാന്‍ നമ്മുടെ സഹോദരിമാരെ പ്രാപ്തരാക്കണം ആവശ്യമെങ്കില്‍ ഞാനും നിങ്ങളുമെല്ലാം ഇതിന് തയാറാകണം. സഹോദരിമാരോട് വിരോധമുള്ള എല്ലാ കുറ്റവാളികളെയും നശിപ്പിക്കണമെന്നും മിതിലേഷ് കുമാര്‍ പറഞ്ഞു. തന്നെ ഈ ഉദ്യമത്തില്‍ പിന്തുണയ്ക്കാന്‍ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള ദുഷ്പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ജനങ്ങളെ പ്രത്യേകിച്ച് പെണ്‍കുട്ടികളെ അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നു.