Kerala News Today-കൊച്ചി: കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടിൽ സർക്കാരിന് വൻ തിരിച്ചടി.
ഇടപാടിലെ ലോകായുക്ത അന്വേഷണത്തിനെതിരെ മുൻ ആരോഗ്യ സെക്രട്ടറി അടക്കമുള്ളവർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.
മുൻമന്ത്രി കെ.കെ ശൈലജ അടക്കം 11 പേർ രണ്ടാഴ്ചയ്ക്കകം ലോകായുക്ത നോട്ടീസിന് മറുപടി നൽകണമെന്നും കോടതി ഉത്തരവിട്ടു.
ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ലോകായുക്ത ഇടപെടല്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹർജി തള്ളിയത്. അഴിമതി ആരോപണം അന്വേഷിക്കാന്‍ ലോകായുക്തക്ക് അധികാരമുണ്ടെന്നാണ് ഡിവിഷന് ബെഞ്ചിൻ്റെ നിരീക്ഷണം.
കേസില്‍ ആരോപണ വിധേയരായ മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉള്‍പ്പെടെയുള്ളവര്‍ രണ്ടാഴ്ചക്കകം ലോകായുക്തക്ക് വിശദീകരണം നല്‍കാനും ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
ദുരന്തങ്ങള്‍ അഴിമതിക്ക് മറയാക്കരുതെന്ന് ഹർജി പരിഗണിക്കവെ നേരത്തെ കോടതി താക്കീത് നല്‍കിയിരുന്നു.
കോവിഡ് കാലത്തെ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് വീണാ എസ് നായർ നൽകിയ പരാതിയിലാണ് ലോകായുക്ത അന്വേഷണം ആരംഭിച്ചത്.
കേസില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ, ആരോഗ്യ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന് കോബ്രഗഡെ എന്നിവരുള്‍പ്പെടെ 11 പേര്‍ക്ക് ലോകായുക്ത നോട്ടീസ് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്തായിരുന്നു ഹർജി.
Kerala News Today Highlight – PPE Kit Scam: High Court Dismisses Petition.