Kerala News Today-കൊല്ലം: പാറക്കുളത്തില്‍ വീണ് വരനും വധുവിനും പരുക്ക്. വിവാഹതലേന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല് തെറ്റി പാറക്കുളത്തില്‍ വീഴുകയായിരുന്നു ഇരുവരും. വിനു കൃഷ്ണന്, സാന്ദ്ര എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇന്നലെ രാവിലെ 11 മണിക്കായിരുന്നു അപകടം. പാരിപ്പള്ളി വേളമാനൂര്‍ കാട്ടുപുറം പാറക്വാറിയിലെ കുളത്തിലേക്ക് വീണാണ് അപകടം സംഭവിച്ചത്. സെല്‍ഫിയെടുക്കുന്നതിനിടെ സാന്ദ്ര കാല് വഴുതി ക്വാറിയില്‍ പതിക്കുകയായിരുന്നു.
വെള്ളിയാഴ്ചയാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരും ദര്‍ശനത്തിനായി വിവിധ ക്ഷേത്രങ്ങളില്‍ പോയിരുന്നു. തുടര്‍ന്നാണ് വേളമാനൂര്‍ കാട്ടുപുറത്തെത്തിയത്.
പാറ പൊട്ടിച്ച് 120-ലധികം അടി താഴ്ചയുള്ളതാണ് ക്വാറി. സാന്ദ്ര വീണതിനെത്തുടര്‍ന്ന് രക്ഷിക്കാനായി വിനു കൃഷ്ണന് കൂടെച്ചാടി. വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന സാന്ദ്രയെ വിനു കൃഷ്ണന് രക്ഷിച്ച് പാറയില്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു.
സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിനെത്തിയ യുവാവ് സംഭവം കണ്ട് പ്രദേശവാസികളെയും പോലീസിനെയും വിവരമറിയിച്ചു. പാരിപ്പള്ളി പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കി.
തുടര്‍ന്ന് പ്രദേശവാസികളായ രണ്ടുയുവാക്കളുടെ നേതൃത്വത്തില്‍ കുളത്തിലിറങ്ങി ചങ്ങാടത്തില്‍ ഇരുവരെയും രക്ഷിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു.
പരിക്കേറ്റ ഇരുവരും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിശ്രുത വധൂവരന്മാര് പരിക്കേറ്റ് ആശുപത്രിയിലായതിനാല്‍ വിവാഹം മാറ്റിവെച്ചതായി ബന്ധുക്കള്‍ അറിയിച്ചു.
Kerala News Today Highlight – Fiance and bride injured after falling into a rock pool while taking a selfie.