Verification: ce991c98f858ff30

വിആർഎസ് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല : ഗതാഗതമന്ത്രി

KERALA NEWS TODAY – പാലക്കാട്: കെഎസ്ആർടിസിയിൽ നിര്‍ബന്ധിത വിആർഎസ് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.

ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും ഇതുവരെ ഉണ്ടായിട്ടില്ല. വകുപ്പുകളുടെ ധനവിനിയോഗം സംബന്ധിച്ച് ധനവകുപ്പിന് റിപ്പോർട്ട് നൽകാറുണ്ട്. ഇങ്ങനെ സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശമാണോ പുറത്തുവന്നതെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, നിർബന്ധിത വിആർഎസ് ഇടതുനയത്തിന് വിരുദ്ധമെന്ന് കെഎസ്ആര്‍ടിസി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എം.ജി.രാഹുൽ ആരോപിച്ചു. വിആർഎസ് കരാർ നിയമനത്തിന് വഴിയൊരുക്കും.

വിആർഎസിനെ ശക്തമായി എതിർക്കുമെന്നും എന്നാല്‍ ജീവനക്കാർ സ്വമേധയാ വിആർഎസ് എടുക്കുന്നതിനെ എതിർക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ് നടപ്പാക്കാൻ നീക്കം നടക്കുന്നതായും ഇതിനായി 50 വയസ്സ് പിന്നിട്ട 7200 ജീവനക്കാരുടെ പട്ടിക മാനേജ്മെന്റ് തയാറാക്കിയെന്നുമായിരുന്നു റിപ്പോർട്ട്.

ഒരാള്‍ക്ക് കുറഞ്ഞത് 15 ലക്ഷം രൂപ നല്‍കാനാണ് നീക്കം. മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനുശേഷം നല്‍കും. വിആര്‍എസ് നടപ്പാക്കിയാല്‍ ശമ്പള ചെലവില്‍ 50 ശതമാനം കുറയുമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ കണക്കുകൂട്ടല്‍.

Leave A Reply

Your email address will not be published.