Kerala News Today-തിരുവനന്തപുരം: ചാൻസലർ ബില്ലിൽ നിയമോപദേശം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
രാജ്ഭവന് സ്റ്റാന്‍ഡിങ് കൗണ്‍സിലിനോട് ആണ് നിയമോപദേശം തേടിയത്. ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നാണ് വിവരം.
ബിൽ തിരിച്ചയക്കാതെ തീരുമാനം നീട്ടിക്കൊണ്ടുപോകാനോ അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയക്കാനോ ആകും ആരിഫ് മുഹമ്മദ് ഖാൻ്റെ നീക്കം.
രാജ്ഭവൻ തീരുമാനം എന്തായിരിക്കുമെന്ന ആകാംക്ഷയ്ക്കിടെയാണ് ചാൻസലര്‍ ബില്ലില്‍ ഗവർണർ തുടർ നീക്കങ്ങൾ തുടങ്ങിയിരിക്കുന്നത്.
ആദ്യപടിയായാണ് നിയമോപദേശത്തിന് വിട്ടത്. മൂന്നിന് തലസ്ഥാനത്ത് എത്തുന്ന ഗവർണര്‍ രാജ്ഭവൻ സ്റ്റാൻഡിംഗ് കൗൺസലിന്റെ നിയമോപദേശം പരിശോധിച്ച് തുടർ തീരുമാനമെടുക്കും.
ഉപദേശങ്ങൾ പരിഗണിച്ച് ബിൽ രാഷ്ട്രപതിക്ക് വിടാനാണ് സാധ്യത. വിദ്യാഭ്യാസം കൺകറന്റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനത്തിന് മാത്രം തീരുമാനമെടുക്കാനാകില്ല എന്നാണ് ഗവർണറുടെ നിലപാട്.
ചാൻസലര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റുന്ന ബില്ലിൽ അതിവേഗം തീരുമാനമില്ലെന്നും നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയതുമാണ്.
നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തിയാകും തുടർ തീരുമാനം. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാൽ പിന്നെ ബില്ലിൽ തീരുമാനം ഉടനൊന്നും സാധ്യതയില്ല.
വിസി നിർണ്ണയ സമിതിയിൽ നിന്നും ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ മാസങ്ങളായി രാജ്ഭവനിൽ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയാണ്. ലോകായുക്ത ബില്ലിലും തീരുമാനമെടുത്തിട്ടില്ല.
Kerala News Today Highlight – Governor seeks legal advice on Chancellor Bill.