Verification: ce991c98f858ff30

മലയാളം സര്‍വകലാശാല VC നിയമനം; സര്‍ക്കാര്‍ നീക്കത്തിനെതിരെ ഗവര്‍ണര്‍

KERALA NEWS TODAY – തിരുവനന്തപുരം: മലയാളം സര്‍വകലാശാല വി.സി നിയമനത്തിനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഗവര്‍ണര്‍.ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഗവര്‍ണര്‍ ഇതുസംബന്ധിച്ച കത്തുനല്‍കി. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുന്നത് എന്ന ചോദ്യം ഗവര്‍ണര്‍ കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.മലയാളം സര്‍വകലാശാല വി.സി നിയമനത്തിനും സെര്‍ച്ച് കമ്മിറ്റി രൂപവത്കരണത്തിനും സ്വന്തം നിലയില്‍ നീക്കം നടത്തി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനിടെയാണിത്.സെര്‍ച്ച് കമ്മിറ്റിയിലേക്ക് ചാന്‍സലറുടെ പ്രതിനിധിയെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.സര്‍വകലാശാല വി.സി നിയമനത്തിന് അഞ്ചംഗ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുന്നത് സംബന്ധിച്ച ബില്‍ നിയമസഭ പാസാക്കിയെങ്കിലും അതിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടില്ല. വിഷയം ഗവര്‍ണറുടെ പരിഗണനയിലിരിക്കുകയാണ്.നിലവിലുള്ള നിയമപ്രകാരം മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയാണ് രൂപവത്കരിക്കേണ്ടത്. അതിനിടെയാണ് അഞ്ചംഗ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുന്നതിനായി സര്‍ക്കാര്‍ തന്നെ നീക്കം നടത്തുന്നത്.നേരത്തെ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാന്‍ ഗവര്‍ണര്‍ നീക്കം നടത്തിയെങ്കിലും സര്‍ക്കാര്‍ അതിനോട് സഹകരിച്ചിരുന്നില്ല. പിന്നാലെയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നീക്കം. ഇതോടെയാണ് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാനുള്ള നീക്കം എന്ന് ഗവര്‍ണര്‍ ആരാഞ്ഞിട്ടുള്ളത്.
Leave A Reply

Your email address will not be published.