Kerala News Today-തിരുവനന്തപുരം: ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പോലീസുകാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനം.
പോലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രാഥമിക ഘട്ടത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ 85 പേരാണുള്ളത്.
ബേപ്പൂർ കോസ്റ്റൽ പോലീസ് മുൻ ഇൻസ്പെക്ടർ പി.ആർ സുനു ബലാത്സംഗ കേസിൽ പ്രതിയായതോടെയാണ് കാക്കിയിലെ ക്രിമിനലുകളെ കുറിച്ച് വീണ്ടും വിവാദങ്ങള്‍ ഉയർന്നത്.
ക്രിമിനൽ കേസിൽ പ്രതിയായാലും കോടതി ഉത്തരവുകളുടെ ബലത്തിൽ ജോലിയിൽ തിരിച്ച് കയറുന്നവര്‍ മുതൽ വകുപ്പ് തല നടപടികൾ മാത്രം നേരിട്ട് ഉദ്യോഗ കയറ്റം നേടുന്നവര്‍ വരെ പോലീസിൽ പതിവാണ്.
ഇതൊഴിവാക്കാൻ സിഐ മുതൽ എസ്പിമാർ വരെയുള്ളവരുടെ സർവീസ് ചിരിത്രം പോലീസ് ആസ്ഥാനത്തും ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ സര്‍വീസ് ചരിത്രം ജില്ലാ പോലീസ് മേധാവിമാരും പരിശോധിക്കും.
ബലാത്സംഗം, മോഷണം, ലഹരികേസ്, ക്വട്ടേഷൻ സംഘവുമായുള്ള ബന്ധം, സ്വർണ കടത്ത്, സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയിൽ ശിക്ഷ അനുഭവിച്ചവരും നിരവധിക്കേസിൽ അന്വേഷണം നേരിടുന്നതുമായി പോലീസുകാരെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ ഡിജിപി സർക്കാരിനോട് ശുപാർശ ചെയ്യും.
ഇടുക്കിയിൽ മാങ്ങ മോഷ്ടിച്ച പോലീസുകാരനേയും എറണാകുളം റൂറലിൽ സ്വർണം മോഷ്ടിച്ച പോലീസുകാരനേയും പിരിച്ചുവിടാൻ ജില്ലാ പോലീസ് മേധാവിമാർ നടപടി തുടങ്ങി.
Kerala News Today Highlight – Government to dismiss accused policemen; 85 people in the preliminary list.